തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളുടെ ശുചിത്വം, രോഗനിയന്ത്രണം, സേവനനിലവാരം ആശുപത്രി പരിപാലനം, എന്നിവയുടെ അടിസ്ഥാനത്തില്‍ നല്കുന്ന കായകല്പ അവാര്‍ഡ് സമ്മാനിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അവാര്‍ഡുകള്‍ സമ്മാനിച്ചു. വനം മന്ത്രി കെ. രാജു ചടങ്ങില്‍ പങ്കെടുത്തു.
ജില്ലാതല ആശുപത്രികളില്‍ ഒന്നാം സ്ഥാനമായ അന്‍പത് ലക്ഷം രൂപ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കരസ്ഥമാക്കി.
രണ്ടാം സ്ഥാനമായ ഇരുപത് ലക്ഷം രൂപ ജില്ലാ ആശുപത്രികളായ തിരൂരും കാഞ്ഞങ്ങാടും പങ്കിട്ടു. ജില്ലാതല പ്രോത്സാഹനസമ്മാനങ്ങള്‍ (മൂന്നു ലക്ഷം രൂപ) ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി , ആലുവ ജില്ലാ ആശുപത്രി , തൊടുപുഴ ജില്ലാ ആശുപത്രി എന്നിവ കരസ്ഥമാക്കി.
താലൂക്കുതല അവാര്‍ഡ് തുകയായ പതിനഞ്ചു ലക്ഷം രൂപ പുനലൂര്‍ താലൂക്ക് ആശുപത്രി കരസ്ഥമാക്കി. താലൂക്ക് തലത്തിലെ രണ്ടാംസമ്മാനമായ പത്ത് ലക്ഷം രൂപ താമരശേരി താലൂക്ക് ആശുപത്രിയും കരസ്ഥമാക്കി. ഈ വിഭാഗത്തിലെ പ്രോത്സാഹന സമ്മാനങ്ങള്‍ (ഒരു ലക്ഷം രൂപ) യഥാക്രമം താലൂക്ക് ആശുപത്രി നീലേശ്വരം, താലൂക്ക് ആശുപത്രി തൃക്കരിപ്പൂര്‍, ട്രൈബല്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ കോട്ടത്തറ, താലൂക്ക് ആശുപത്രി ചാലക്കുടി, താലൂക്ക് ആശുപത്രി കൊടുങ്ങല്ലൂര്‍ എന്നിവ കരസ്ഥമാക്കി.
ട്രൈബല്‍ മേഖലയിലെ മികച്ച സേവനം കണക്കിലെടുത്ത് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ പ്രത്യേക പുരസ്കാരമായ രണ്ടു ലക്ഷം രൂപ കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ അര്‍ഹരായി. സംസ്ഥാനത്തെ ഏറ്റവും മികച്ച സിഎച്ച്സികള്ക്കുള്ള കായകല്പ പുരസ്കാരം (മൂന്നു ലക്ഷം രൂപ) കാസര്‍ഗോഡ് പനത്തടി സി എച്ച് സി കരസ്ഥമാക്കി.
അര്‍ബന്‍ പിഎച്ച്സികളില് തൃശൂര്‍ ജില്ലയിലെ ഗോസായികുന്ന് ഒന്നാം സ്ഥാനവും (രണ്ടു ലക്ഷം), കോഴിക്കോട് ജില്ലയിലെ കല്ലുനിറ രണ്ടാം സ്ഥാനവും (1.5 ലക്ഷം), വയനാട് ജില്ലയിലെ കല്പറ്റ മൂന്നാം സ്ഥാനവും (ഒരു ലക്ഷം രൂപ) കരസ്ഥമാക്കി.
വി.എസ്. ശിവകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത, പ്ലാനിംഗ് ബോര്‍ഡ് മെംബര്‍ ഡോ. ബി. ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു.
കായകല്പ അവാര്‍ഡ് സമ്മാനിച്ചു
02:17 AM Feb 21, 2018 | Deepika.com