കോട്ടയം: ഹൃദ്രോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് എക്കോകാർഡിയോഗ്രഫിയുടെ സംസ്ഥാന പ്രസിഡന്റായി ഡോ.ജോർജ് തയ്യിൽ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ട് നടന്ന ഹൃദ്രോഗവിദഗ്ധരുടെ വാർഷിക സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം മ്യൂണിക് യൂണിവേഴ്സിറ്റിയിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഓസ്ട്രേലിയയിലെ നാഷണൽ ബോർഡിൽനിന്ന് കാർഡിയോളജിയിൽ ഫെലോഷിപ്പും നേടി. ജർമൻ ഹാർട്ട് സെന്ററിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെയും യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെയും ഫെലോഷിപ്പ് കരസ്ഥമാക്കി.
എറണാകുളം ലൂർദ് ആശുപത്രിയിൽ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപക തലവനായിരുന്നു. ഹൃദ്രോഗസംബന്ധമായ വിഷയങ്ങളെക്കുറിച്ച് ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്ലോബൽ എക്സലൻസി അവാർഡ്, കെസിബിസി അവാർഡ്, മുഖ്യമന്ത്രിയിൽനിന്നുള്ള ആരോഗ്യരത്ന അവാർഡ്, സർവോദയം കുര്യൻ അവാർഡ്, ഗുഡ്നസ് ടിവി അവാർഡ് തുടങ്ങി മികച്ച ഡോക്ടർക്കും ഗ്രന്ഥകാരനുമുള്ള ഒന്പത് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുറുപ്പന്തറയാണു സ്വദേശം.
ഡോ. ജോർജ് തയ്യിൽ സംസ്ഥാന പ്രസിഡന്റ്
02:06 AM Feb 21, 2018 | Deepika.com