തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനു ജില്ലാ കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തന സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതായി കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു.
കോട്ടയം ജില്ലയിൽ നിന്നുമാണ് ജില്ലാ പ്രവർത്തന സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചത്. അടുത്ത മാസം മൂന്നിന് തൃശൂരിൽ അവസാനത്തെ ജില്ലാ സമ്മേളനം നടക്കും. കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി നിർവാഹക സമിതി അംഗങ്ങൾ, കെപിസിസി, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക്മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
സിപിഎം വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ കുടുംബസഹായനിധി ഫണ്ട് പിരിവ് നാളെ കണ്ണൂർ ജില്ലയിൽ കോണ്ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടക്കുമെന്ന് തമ്പാനൂർ രവി അറിയിച്ചു.
കോണ്ഗ്രസ് പ്രവർത്തന സമ്മേളനങ്ങൾക്കു തുടക്കമായി
02:06 AM Feb 21, 2018 | Deepika.com