കോട്ടയം: സാമൂഹ്യതിന്മകൾക്കെതിരേ ദൈവീകമായി പ്രതികരിക്കുകയും ജാഗ്രതപാലിക്കുകയും ചെയ്യണമെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. മാർച്ച് 23നു നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയ്ക്കായി സഭ മുഴുവനും ഉപവാസത്തോടും വ്രതാനുഷ്ഠാനങ്ങളോടും പ്രാർഥനയോടും ഒരുങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന മലങ്കര ഓർത്തഡോക്സ് സഭാ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ, യൂഹാനോൻ മാർ ദിമിത്രീയോസ് മെത്രാപ്പോലീത്താ എന്നിവർ ധ്യാനം നയിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ റിപ്പോർട്ട് സമർപ്പിച്ചു.
സഭാതലത്തിലും ഭദ്രാസനതലത്തിലും നടക്കുന്ന മിഷൻ പ്രവർത്തനങ്ങൾ, വൈദിക സെമിനാരികൾ, ആധ്യാത്മിക സംഘടനകൾ, സന്യാസപ്രസ്ഥാനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തന റിപ്പോർട്ട് ചർച്ച ചെയ്യും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുക്കുന്ന സുന്നഹദോസ് യോഗം 23നു സമാപിക്കും.
സാമൂഹികതിന്മകൾക്കെതിരേ ജാഗ്രതവേണം: ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ
01:52 AM Feb 21, 2018 | Deepika.com