കോട്ടയം: ’വൈകാരിക പക്വത സമർപ്പിത ജീവിതത്തിൽ: വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠവും ആലപ്പുഴ ദനഹാലയയും ചേർന്നൊരുക്കുന്ന രാജ്യാന്തര സെമിനാർ ഇന്നും നാളെയും വടവാതൂരിലെ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നടക്കും. ഈ വിഷയത്തിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ഡോ. ഹാൻസ് സോൾനെർ, ഡോ. ഗബ്രിയേൽ മത്തിയാസ്, ഡോ. വിൻസെന്റ് വാരിയത്ത്, ഡോ. ജോസ് മന്നത്ത്, ഡോ. ജോസ് പറപ്പുള്ളി, ഡോ. സ്റ്റീഫൻ റൊസേത്തി, ഡോ. മാനുവേൽ കരിന്പനയ്ക്കൽ, മാർ തോമസ് തറയിൽ, ഡോ. സിസ്റ്റർ ജോസിയ എന്നിവർ നേതൃത്വം കൊടുക്കും.
സിന്പോസിയം ഇന്നു രാവിലെ 9.30ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പൗരസ്ത്യ വിദ്യാപീഠത്തിന്റെ ചെയർമാൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ദനഹാലയയുടെ മുൻ ഡയറക്ടറും ചങ്ങനശേരി അതിരൂപതയുടെ സഹായ മെത്രാനുമായ മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും.
സിന്പോസിയത്തിൽ സമർപ്പിത ബ്രഹ്മചര്യം, സമർപ്പിത പരിശീലനം, സമഗ്രആത്മീയത, ലൈംഗികതയും വൈകാരികത പക്വതയും, സമൂഹ ജീവിതം, ലിംഗസമത്വം, സാമൂഹ്യബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സിന്പോസിയത്തിന്റെ സുഗമമായ നടത്തിപ്പിനായി ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ടിജോ പതാലിൽ, ഡോ. ജോണ്സണ് നീലനിരപ്പേൽ, ഡോ. വർഗീസ് കൊച്ചുപറന്പിൽ, ഡോ. സ്കറിയാ കന്യാകോണിൽ എന്നിവർഉൾപ്പെടുന്ന കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
വിശദവിവരങ്ങൾക്ക് 9747836772, 9446714468 എന്നീ നന്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകസമിതി അറിയിച്ചു.
വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിൽ രാജ്യാന്തര സിന്പോസിയം
01:52 AM Feb 21, 2018 | Deepika.com