തൃശൂർ: റാഞ്ചിയിൽ ഇന്നലെ സമാപിച്ച ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ കാലിക്കട്ട് സർവകലാശാലയ്ക്കു മിന്നുന്ന വിജയം. സൗത്ത് സോണിൽ നിന്നു വിജയികളായി നാഷണലിൽ പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് കാലിക്കട്ടിന്റെ പ്രതിഭകൾ സുവർണമുദ്ര ചാർത്തിയത്.
കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാനവർഷ ബി. കോം ബിരുദ വിദ്യാർഥിയായ ആന്റണി വർഗീസ് വെസ്റ്റേൺ ഇൻസ്ട്രുമെന്റ് സോളോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ഇതേ കോളജിലെ ഭൗതികശാസ്ത്രബിരുദ വിദ്യാർഥിയായ കെ.എസ്. വിഘ്നേഷ് ഈസ്റ്റേൺ ക്ലാസിക്കൽ ഇൻസ്ട്രുമെന്റ് സോളോ വി ഭാഗത്തിൽ ഒന്നാമതെത്തി.
തൃശൂർ ശ്രീ കേരളവർമ കോളജിലെ അവസാന വർഷ തത്വശാസ്ത്ര വിദ്യാർഥിയായ ഒ.എസ്. വിശാഖ് പെയിന്റിംഗിലും, കോഴിക്കോട് ദേവഗിരി കോളജിലെ ബിഎസ്സി ബോട്ടണി രണ്ടാംവർഷ വിദ്യാർഥിനി ജെ.എസ്. ശീതൾ ക്ലേ മോഡലിംഗിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കഴിഞ്ഞ രണ്ടുവർഷങ്ങളായി യൂണിവേഴ്സിറ്റി ഡി സോണ്‍ കലാമേളയിൽ കലാപ്രതിഭയായിരുന്നു ആന്റണി വർഗീസ്. ഇത്തവണത്തെ ഡി സോണ്‍ കലാമേളയിൽ ചിത്ര പ്രതിഭയായിരുന്നു വിശാഖ്.റാഞ്ചിയിലെ ഖേൽഗാവിൽ 16 ന് ആരംഭിച്ച നാഷണൽ യൂത്ത് ഫെസ്റ്റിവൽ ഇന്നലെ സമാപിച്ചു. സമാപന സമ്മേളനത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുവർദാസ് സമ്മാനദാനം നിർവഹിച്ചു.
നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ കാലിക്കട്ട് സർവകലാശാലയ്ക്കു മിന്നുന്ന വിജയം
01:38 AM Feb 21, 2018 | Deepika.com