കോഴിക്കോട്: സംസ്ഥാനത്ത് എന്‍ഒസി ലഭിച്ചിട്ടില്ലാത്ത സ്വകാര്യ ന്യൂനപക്ഷ അണ്- എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാർ ഉത്തരവിനെതിരേ മാനേജ്മെന്റ് അസോസിയേഷൻ ഓഫ് ക്രിസ്ത്യന്‍ മൈനോറിറ്റി സ്കൂള്‍സ് ഹൈക്കോടതിയെ സമീപിക്കുന്നു.
അംഗീകാരമില്ലെന്ന കാരണം പറഞ്ഞു ന്യൂനപക്ഷ സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ളസര്ക്കാര് നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി എറണാകുളത്ത് വിദ്യാഭ്യാസ അവകാശപ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിച്ചു.
അടച്ചുപൂട്ടുകയല്ല, ഭരണഘടനാപരമായ നിബന്ധനകള്‍ക്ക് വിധേയമായി സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നതാണ് ഭരണഘടനയുടെ അന്തസത്ത എന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി. ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ഭരണനിര്‍വഹണം നടത്തുന്നതിനും ഭരണഘടനാ അനുച്ഛേദനം30/1 ല്‍പറയുന്ന അവകാശം കവര്‍ന്നെടുക്കാതിരിക്കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക, 2009 ലെ ആര്‍ടിഇ ആക്ട് വിദ്യാഭ്യാസ അവകാശം അനുസരിച്ച് പ്രൈവറ്റ് വിദ്യാലയങ്ങള്‍ക്കുള്ള എന്‍ഒസി നല്‍കുക, അംഗീകാരത്തിനുള്ള അപേക്ഷ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്വന്ഷന് ഉന്നയിച്ചു.
സമാനമായ മറ്റു സംഘടനകളുമായി ചേര്‍ന്ന് വിപുലമായ കൺവന്ഷന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.സിഎംഐ പ്രൊവിന്‍ഷൽ ഡോ. ജോസ് കുറിയേടത്ത് ഉദ്ഘാടനംചെയ്തു. സംഘടനാപ്രസിഡന്റ് ഫാ. വര്‍ഗീസ് മാണിക്കനാം പറമ്പില്‍, സെക്രട്ടറി ഫാ. ലൈജു വര്‍ക്കി, ട്രഷറര്‍ സിസ്റ്റര്‍ ലിവിനിയ, കോ-ഓര്‍ഡിനേറ്റര്‍ ജോസി ജോസ് എന്നിവര്‍ ശില്പശാലയ്ക്കു നേതൃത്വംനല്കി.
ന്യൂനപക്ഷ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കണ്വന്ഷന്
01:38 AM Feb 21, 2018 | Deepika.com