കട്ടപ്പന: മുൻ ഷെഡ്യൂൾ അനുസരിച്ച് ഇന്നു പുറ്റടി സ്പൈസസ് പാർക്കിൽ നടത്തേണ്ട ഏലക്കാ ലേലം തമിഴ്നാട്ടിലെ ബോഡിയിലേക്കു മാറ്റി. പുറ്റടി പാർക്കിൽ ആഴ്ചയിൽ ഒരു ദിവസം ലേലം നടത്തി മറ്റു ദിവസങ്ങളിൽ നവീകരണ പ്രവർത്തനം നടത്താനാണു തീരുമാനമെന്നു സ്പൈസസ് ബോർഡ് പത്രക്കുറുപ്പിൽ അറിയിച്ചു. വ്യാഴാഴ്ച പുറ്റടിയിൽ ലേലം നടത്തും. കുമളി സിപിഎംസിഎസ്, കെസിപിഎംസി എന്നിവരുടെ ലേലങ്ങളാണ് വ്യാഴാഴ്ച നടത്തുന്നത്. ഇന്നു പുറ്റടിയിൽ നടക്കേണ്ടിയിരുന്ന എസ്എജിഎസിന്റെ ലേലമാണ് ബോഡിയിൽ നടത്തുന്നത്.
പുറ്റടി സ്പൈസസ് പാർക്കിലെ നവീകരണ പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം വേണ്ടിവരും. 15 ദിവസത്തിനുള്ളൽ പുതിയ 60 കംപ്യൂട്ടറുകളും അനുബന്ധ സംവിധാനങ്ങളും എത്തിക്കാനാകുമെന്ന് മാർക്കറ്റിംഗ് ഡയറക്ടർ സുരേഷ് അറിയിച്ചു. രണ്ടു വീതം കംപ്യൂട്ടറുകൾ ചേർത്താണ് പുറ്റടിൽ സ്ഥാപിച്ചിരിക്കുന്നത്.
ഇതിനാൽ കംപ്യൂട്ടറിനു മുന്നിലിരിക്കുന്ന വ്യാപാരികളുടെ പിന്നിലൂടെയാണ് സാന്പിൾ ഏലക്കാ ഇട്ടുകൊടുക്കുന്നത്. ഇതു വ്യാപാരികൾക്ക് ബുദ്ധിമുട്ടാണെന്ന് അറിയിച്ചിട്ടുള്ളതിനാൽ കംപ്യൂട്ടർ വരികൾക്കിടയിൽ ഓപ്പണ് സ്പെയ്സ് ഇട്ട് കംപ്യൂട്ടർ ലൈനുകൾ പുനക്രമീകരിക്കാനും ആലോചിക്കുന്നതായി ഡയറക്ടർ അറിയിച്ചു.
പറഞ്ഞിട്ടില്ല
കട്ടപ്പന: പുറ്റടി സ്പൈസസ് പാർക്കിൽ കഴിഞ്ഞ 17ന് ഏലക്കാ ഇ - ലേലം പുനരാരംഭിച്ചതുമായി ബന്ധപ്പെട്ട് 18ന് ദീപികയിൽ പുറ്റടി സ്പൈസസ് പാർക്കിൽ ഇ ലേലം പുനരാരംഭിച്ചു എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ’സമ്മർദം മൂലമാണ് ഇപ്പോൾ ഇവിടെ ഏലക്കാ ലേലം പുനരാരംഭിച്ചതെന്നു സ്പൈസസ് ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ സുരേഷ് പറഞ്ഞു’ എന്നു ചേർത്തത് ആശയക്കുഴപ്പം മൂലമാണ്. അങ്ങിനെ ഒരു പ്രസ്താവന സുരേഷ് നടത്തിയിട്ടില്ല.
പുറ്റടിയിൽ ഇന്ന് ഏലക്കാ ലേലം ഇല്ല; മൂന്നു ദിവസം നടത്തിയിരുന്ന ലേലം ഒരു ദിവസമാക്കി ചുരുക്കി
01:47 AM Feb 20, 2018 | Deepika.com