കൊച്ചി: കോടതിവിധിയുടെ മറവിൽ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും യാക്കോബായ സഭയുടെ വിശ്വാസവും സ്ഥാപനങ്ങളും സംരക്ഷിക്കുമെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ബലപ്രയോഗത്തിലൂടെ ആരാധനാലയങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഭയുടെ ദേവാലയങ്ങൾ ആർക്കും വിട്ടുകൊടുക്കില്ല. ഓർത്തഡോക്സ് സഭയുമായി അനുരഞ്ജനചർച്ചകൾ പ്രോത്സാഹിപ്പിക്കും. പ്രശ്ന പരിഹാരത്തിനു സർക്കാർ മുന്നോട്ടുവരണമെന്നാണു സഭ ആഗ്രഹിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ യാക്കോബായ സഭയ്ക്ക് ഉണ്ടായിരിക്കുന്ന നീതി നിഷേധം മനസിലാക്കി ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിനു സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഭ ബിജെപിയോടടുക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും സമദൂരമാണ് സഭയുടെ നിലപാടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. നിലവിലെ സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഭാവിപരിപാടികൾ സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയുടെ വിശ്വാസവും സ്ഥാപനങ്ങളും സംരക്ഷിക്കും: ജോസഫ് മാർ ഗ്രിഗോറിയോസ്
01:02 AM Feb 17, 2018 | Deepika.com