കാഞ്ഞിരപ്പള്ളി: തന്പലക്കാട് ഉണ്ടായ സിപിഎം- ബിജെപി, ആർഎസ്എസ് സംഘർഷം കാഞ്ഞിരപ്പള്ളിയിലേക്കും. സിപിഎമ്മിന്റെ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് ഇന്നലെ പുലർച്ച ഒരു മണിയോടെ അജ്ഞാതർ തീയിടാൻ ശ്രമിച്ചു. ഓഫീസിനു മുന്നിലെ കാർപ്പെറ്റിനു തീയിട്ടശേഷം രണ്ടു ജനൽച്ചില്ലുകളും തകർത്തു.
വഴിയാത്രക്കാരാണ് തീ ആദ്യം കണ്ടത്. ഇവർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസും ബിജെപിയും ആണന്ന് സിപിഎം ആരോപിച്ചു.
ഏരിയ കമ്മിറ്റി ഓഫീസിനു നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനത്തിനിടെയും സംഘർഷമുണ്ടായി. ബിഎംഎസിന്റെ കൊടിമരം നശിപ്പിച്ച സിപിഎം പ്രവർത്തകർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തു. പ്രതിഷേധക്കാരിൽനിന്നു മാധ്യമ പ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസിനു പരിക്കേറ്റു.
പ്രകടനത്തെത്തുടർന്ന് പേട്ടക്കവലയിൽ പ്രതിഷേധയോഗവും നടന്നു. ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെ കാഞ്ഞിരപ്പള്ളി ടൗണിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിച്ചു.
തിങ്കളാഴ്ച വൈകുന്നേരം സിപിഎം പ്രവർത്തകർ തമ്പലക്കാട്ട് സംഘടിപ്പിച്ച പ്രകടനത്തിനിടെ കല്ലേറ് നടന്നിരുന്നു. കർഷകമേർച്ച ജില്ലാ സെക്രട്ടറി കെ.വി. നാരായണന്റെ വീട്ടിൽനിന്നാണ് പ്രകടനത്തിനു നേരേ കല്ലേറുണ്ടായതെന്നാണ് സിപിഎം ആരോപണം. സിപിഎം പ്രവർത്തകരും തിരിച്ചു കല്ലെറിഞ്ഞതോടെ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്. അൻസലിനും സിപി എം പ്രവർത്തകർക്കും കല്ലേറിൽ പരിക്കേറ്റിരുന്നു. എസ്എഫ്ഐ പ്രവർത്തകന്റെ വീടു കയറി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം പ്രകടനം നടത്തിയത്.
വെള്ളിയാഴ്ച തമ്പലക്കാട് അംബിയിൽ രതീഷിനെ സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞിറങ്ങവേ കാഞ്ഞിരപ്പള്ളിയിൽ ഒരു സംഘം ആളുകൾ മർദിച്ചിരുന്നു. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ആർഎസ്എസ് പ്രവർത്തകർ ആരോപിച്ചു.
അതിനു പിന്നാലെ തമ്പലക്കാട് മേഖലയിൽ ബാലസംഘം ഏരിയ സെക്രട്ടറിയും എസ്എഫ്ഐ ഭാരവാഹിയുമായ അലൻ കെ. ജോർജിന്റെ വീടിനു നേർക്ക് ആക്രമണം ഉണ്ടായി. അലനെ അന്വേഷിച്ചെത്തിയ സംഘം വീടും വീട്ടുപകരണങ്ങളും തകർത്ത ശേഷം രോഗികളായ പിതാവിനെയും മാതാവിനെയും സഹോദരനെയും ആക്രമിച്ചു. അലന്റെ പിതാവ് തമ്പലക്കാട് കണിക്കുന്നേൽ ജോർജിന് വടിവാളുകൊണ്ട് പുറത്തും കൈക്കും കാലിനും വെട്ടേറ്റു. അമ്മ ജെസിക്കും സഹോദരൻ അലക്സിനും കമ്പിവടികൊണ്ട് അടിയേറ്റു.
സിപിഎം - ബിജെപി സംഘർഷം: കാഞ്ഞിരപ്പള്ളി സിപിഎം ഏരിയ ഓഫീസിനു തീയിടാൻ ശ്രമം
12:57 AM Feb 14, 2018 | Deepika.com