തിരുവനന്തപുരം: മന്ത്രിമാർ ആഴ്ചയിൽ നാലുദിവസം തലസ്ഥാനത്തുണ്ടാകണമെന്ന മുൻ തീരുമാനം കർശനമായി പാലിക്കണമെന്നു സിപിഎം സംസ്ഥാന സമിതിയോഗം അംഗീകരിച്ച പ്രവർത്തന റിപ്പോർട്ടിൽ നിർദേശം. തൃശൂരിൽ ഈ മാസം അവസാനം നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സമിതി അംഗീകരിച്ചു.
ഭരണം കൂടുതൽ സുതാര്യമാക്കണമെന്നും പാർട്ടി പ്രവർത്തകർ ജനകീയ വിഷയങ്ങളിൽ ഇടപെടണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ട്. സിപിഐയ്ക്കെതിരേയും പരാമർശമുണ്ടായിരുന്നു. മൂന്നാർ വിഷയത്തിലെ സിപിഐ നിലപാടും മന്ത്രിസഭാ ബഹിഷ്കരണവും ശരിയായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇടതു മുന്നണിയിൽ പതിവില്ലാത്ത ചില കീഴ് വഴക്കങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന റിപ്പോർട്ടിന് അംഗീകാരം നല്കിയശേഷം സംസ്ഥാന സമിതി യോഗം അവസാനിച്ചു.
മന്ത്രിമാർ നാലുദിവസം തലസ്ഥാനത്ത് വേണം: സിപിഎം
12:45 AM Feb 14, 2018 | Deepika.com