ഇരിങ്ങാലക്കുട: വ്യവസായപ്രമുഖനും മുൻ നഗരസഭാ ചെയർമാനും, കെഎസ്ഇ ലിമിറ്റഡിന്റെ മുൻ ചെയർമാനുമായ എം.സി. പോൾ (96) അന്തരിച്ചു. ഇന്നലെ രാവിലെ മൂത്ത മകൻ എം.പി. ജാക്സന്റെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നുച്ചകഴിഞ്ഞു മൂന്നിനു മുനിസിപ്പൽ ഓഫീസിനു മുന്നിലെ തറവാട്ടുവീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ വൈകുന്നേരം അഞ്ചിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
17-ാമത്തെ വയസിൽ പിതാവിന്റെ പാത പിന്തുടർന്ന് അരിവ്യാപാരരംഗത്തേക്കു പ്രവേശിച്ച മാമ്പിള്ളി ചാക്കോ പോൾ വ്യാവസായികരംഗത്ത് ഉയരങ്ങൾ കീഴടക്കി. 30 വർഷം ഇരിങ്ങാലക്കുട മുനിസിപ്പൽ കൗണ്‍സിലറായും, എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ ചെയർമാനായും സേവനമനുഷ്ഠിച്ചു.
ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്ക്ക് അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, സെന്റ് ജോസഫ്സ് കോളജ്, ഡോണ്‍ബോസ്കോ ഹൈസ്കൂൾ എന്നിവയുടെ ആരംഭത്തിനു നേതൃത്വം നൽകി. 12 വർഷം ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു.
ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡിന്റെ പ്രമോട്ടർ ഡയറക്ടർമാരിൽ ഒരാളായ അദ്ദേഹം 1976ൽ ഹോൾടൈം ഡയറക്ടറും 1978ൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായി. 1984 മുതൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിച്ചശേഷം 2017 ൽ വിരമിച്ചു. 1997ൽ ബിസിനസ് ദീപിക ബിസിന സ് മാൻ ഓഫ് ദ ഇയർ പുരസ്കാരം നേടിയിരുന്നു.
ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.
പാലയൂർ എടക്കുളത്തൂർ ഇ.കെ. ജോണിന്റെ മകൾ ആനിയാണ് സഹധർമിണി. മക്കൾ: ജാക്സൺ (കെപിസിസി ജനറൽ സെക്രട്ടറി, മുൻ നഗരസഭാ ചെയർമാൻ, ഐടിയു ബാങ്ക് ചെയർമാൻ, ടൗൺ സഹകരണ ആശുപത്രി പ്രസിഡന്റ്), ഉഷ, ടോമി, ജിജി, ബ്രൈറ്റ് (എംസിപി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർമാർ). മരുമക്കൾ: എസ്റ്റ (കോച്ചേരി, ഇരിങ്ങാലക്കുട), ഡോ. ഫ്രാൻസിസ് (ആലപ്പാട്ട്, കാട്ടൂർ), മോളി (കോനിക്കര, കൊട്ടേക്കാട്), റീന (ആലപ്പാട്ട് പാലത്തിങ്കൽ, കരാഞ്ചിറ) പുഷ്പം (പൊറത്തൂര്‍ പള്ളിക്കുന്നൻ, മനക്കൊടി).
എം.സി. പോൾ അന്തരിച്ചു
12:45 AM Feb 14, 2018 | Deepika.com