മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസേർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചരിത്ര സെമിനാറും ഇന്ത്യൻ കാത്തലിക് ഹിസ്റ്റോറിയൻസ് അസോസിയേഷൻ ഉദ്ഘാടനവും 30 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും. ഇന്ത്യയിലെയും വിദേശത്തെയും വിവിധ യൂണിവേഴ്സിറ്റികളിൽനിന്നുള്ള ചരിത്ര പണ്ഡിതർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു ചർച്ചകളിൽ പങ്കെടുക്കും.
30നു രാവിലെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചരിത്ര സെമിനാർ ഉദ്ഘാടനംചെയ്യും. സിഎംഐ പ്രിയോർ ജനറാൾ റവ.ഡോ.പോൾ ആച്ചാണ്ടി സിഎംഐ അധ്യക്ഷതവഹിക്കും. പൊന്തിഫിക്കൽ കമ്മീഷൻ ഫോർ ഹിസ്റ്റോറിക്കൽ സയൻസസ് അധ്യക്ഷൻ മോണ്‍. ബർണാർദ് അർദുരാ പ്രത്യേക സന്ദേശം നൽകുകയും ഇന്ത്യൻ കാത്തലിക് ഹിസ്റ്റോറിയൻസ് അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൾ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ, മാന്നാനം ആശ്രമം പ്രിയോർ ഫാ. സ്കറിയ എതിരേറ്റ്, പ്രഫ.ഡോ. കെ.എസ്. മാത്യു എന്നിവർ പ്രസംഗിക്കും.
ഇന്ത്യയിൽനിന്നും (ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി കേന്ദ്ര യൂണിവേഴ്സിറ്റി, ബംഗളൂർ ക്രൈസ്റ്റ് കല്പിത സർവകലാശാല, കേരള, കണ്ണൂർ, കാലിക്കറ്റ്, എംജി, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റികൾ, ബംഗളൂർ ധർമരാം വിദ്യാക്ഷേത്രം, കോട്ടയം പൗരസ്ത്യ വിദ്യാപീഠം) ഇന്ത്യക്കു പുറത്തുനിന്നും (പോർട്ടുഗൽ ലിസ്ബൻ യൂണിവേഴ്സിറ്റി, ന്യൂലിസ്ബൻ യൂണിവേഴ്സിറ്റി, റോം ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, ഫ്രാൻസിലെ ഫ്രഞ്ച് അക്കാഡമി ഓഫ് സയൻസസ്, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ലിയോണ്‍) പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.
സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പണമടച്ച് പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8289998237, 8138028084.
അമൂല്യ പുസ്തകശേഖരം
നൂറ്റാണ്ടുകളുടെ കഥ പറയുന്ന വലിയ പുസ്തക ശേഖരമാണ് സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസേർച്ച് സെന്ററിലുള്ളത്. കഴിഞ്ഞവർഷം ഫെബ്രുവരി ഒന്പതിനു ഗവർണർ പി. സദാശിവമാണ് ഉദ്ഘാടനം ചെയ്തത്. 1555ൽ പാരീസിൽ അച്ചടിച്ച റൈറ്റിംഗ്സ് ഓഫ് സെന്റ് അഗസ്റ്റിൻ, ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ തുടങ്ങി അസുലഭ ഗ്രന്ഥങ്ങളാൽ നിറഞ്ഞ ഈ ആർക്കൈവ്സ് കേന്ദ്രത്തിൽ വിശുദ്ധ ചാവറയച്ചനെക്കുറിച്ചു ചാവറ റഫറൻസ് എന്ന പേരിൽ പുതുതലമുറ ബുക്കുകളുടെ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ചരിത്രസെമിനാറും അസോസിയേഷൻ ഉദ്ഘാടനവും മാന്നാനത്ത്
10:52 PM Jan 23, 2018 | Deepika.com