എടത്വ: വിസാത്തട്ടിപ്പിനിരയായി ഖത്തറിൽ കുടുങ്ങിയവർക്കു സഹായവുമായി മലയാളി അസോസിയേഷൻ. നിരവധി യുവാക്കൾ തിരിച്ചുവരാൻ മാർഗമില്ലാതെ ഖത്തറിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പിനിരയായ തലവടി, എടത്വ സ്വദേശികളെ നാട്ടിൽ എത്തിക്കാൻ അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. ആദ്യഘട്ടമായി എട്ടു യുവാക്കളെ നാട്ടിലേക്കു കയറ്റി വിടാനുള്ള ടിക്കറ്റ് ലഭിച്ചതായി ഭാരവാഹികൾ ബന്ധുക്കളെ അറിയിച്ചു. എടത്വ, തലവടി, ചെങ്ങന്നൂർ, മല്ലപ്പള്ളി, ചെട്ടികുളങ്ങര ഭാഗങ്ങളിൽനിന്നായി 24 യുവാക്കളെ സംഘം ഖത്തറിൽ എത്തിച്ചിട്ടുണ്ട്.
വീസ തട്ടിപ്പ് നടത്തിയ സംഘത്തിലെ പിടിയിലായ മലപ്പുറം തിരൂരങ്ങാടി സ്വദേശി മാളിയേക്കൽ മുസ്തഫ നിരവധി കേസിൽ പ്രതിയാണെന്നാണ് അറിയുന്നത്. ട്രാവൽ ഏജൻസിയിലൂടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽനിന്നു യുവാക്കളെ വിദേശത്തേക്കു കടത്തിയിരുന്ന ആലുവ ചൊവ്വര തൊഴുത്തുവീട്ടിൽ ഷക്കീർ മുഹമ്മദിന്റെ വലംകൈയായി മുസ്തഫ പ്രവർത്തിച്ചിരുന്നതായും പോലീസ് പറയുന്നു. തലവടി സ്വദേശിയായ കൊച്ചുവീട്ടിൽ വിപിനും ഭാര്യ ഷെറിനും മുസ്തഫയുടെ ഏജൻസിയിൽ അംഗങ്ങളായിരുന്നു. ഷെറിൻ മുൻകൈയടുത്താണ് തലവടി സ്വദേശികളായ എട്ട് യുവാക്കളെ ഖത്തറിൽ എത്തിച്ചത്. തട്ടിപ്പ് മനസിലായതോടെ യുവാക്കൾ നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു.
നാട്ടിലെ സുഹൃത്തുകൾ ആസൂത്രിത നീക്കം നടത്തിയാണു മുസ്തഫയെ തലവടിയിൽ എത്തിച്ചു പോലീസിൽ ഏൽപ്പിച്ചത്. മുസ്തഫയ്ക്കൊപ്പം പിടിയിലായ വിപിൻ ഷെറിനെ വരുത്തി പണം തിരികെ നൽകാമെന്ന് ഏറ്റിരുന്നു. ഷെറിനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ് സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മുസ്തഫയും വിപിനും പിടിയിലായതോടെ ഷെറിൻ കടന്നുകളഞ്ഞതായാണു സൂചന. മുസ്തഫ പിടിയിലായ വാർത്ത പരന്നതോടെ കോഴിക്കോട്, മലപ്പുറം, കൊണ്ടേ ാട്ടി ഭാഗങ്ങളിൽനിന്നു ന് യുവാക്കളെ ഖത്തറിൽ എത്തിച്ചവരുടെ ബന്ധുക്കളും അന്വേഷണം തുടങ്ങി.
അഞ്ചു വർഷത്തെ എഗ്രിമെന്റ് വീസയെന്ന വ്യാജേന ടൂറിസ്റ്റ് വീസയിൽ കയറിപ്പോയവരാണ് അധികവുമുള്ളത്. ഖത്തറിലേക്കുള്ള വിസാരഹിത സന്ദർശനാനുമതി മറയാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നെതെന്ന് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. ഓരോരുത്തരിൽനിന്നു 85,000 രൂപ വീതം വാങ്ങിയാണ് സംഘം വീസ നൽകിയിരുന്നത്. പണം നൽകിയവർക്കു വ്യാജ മേൽവിലാസത്തിലാണു കരാർ തയാറാക്കികൊടുത്തിരുന്നത്. വിപിനും ഷെറിനും ഒന്നും രണ്ടും പ്രതിയായും മുസ്തഫ മൂന്നാം പ്രതിയായുമാണ് എടത്വ പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഖത്തറിൽ കുടുങ്ങിയവർക്കു സഹായവുമായി മലയാളി അസോ.
01:09 AM Jan 23, 2018 | Deepika.com