കാട്ടാക്കട (തിരുവനന്തപുരം): സ്വയം അണിഞ്ഞ തൊപ്പിയുമായാണ് കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി നടക്കുന്നതെന്നു സിപിഐ നേതാവ് കാനം രാജേന്ദ്രൻ. കേരള കോൺഗ്രസ് -എം വെന്റിലേറ്ററിലാണെന്നു പറഞ്ഞിട്ടില്ലെന്നും ആ തൊപ്പി കെ.എം. മാണി സ്വയം അണിഞ്ഞതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് കാട്ടാക്കടയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കാനം.
എൽഡിഎഫ് വിട്ടുപോയവർ തിരിച്ചുവരുമെന്നാണ് മുന്നണിയുടെ നിലപാട്. അതിന്റെ ഭാഗമായാണ് ജനതാദൾ- എസ് മുന്നണിയിലേക്കു വന്നത്. എന്നാൽ, വാതിലൊന്നു തുറന്നുകൊടുത്തപ്പോൾ അതിന്റെയുള്ളിൽക്കൂടി കടന്നു കയറാൻ ചിലർ ശ്രമിക്കുകയാണെന്നു കാനം ആരോപിച്ചു.
രാജ്യത്തിന്റെ മുഖ്യശത്രു ബിജെപിയും സംഘപരിവാറും തന്നെയാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ബിജെപിയെയും സംഘപരിവാറിനെയും പരാജയപ്പെടുത്താൻ തയാറുള്ള എല്ലാവരെയും ഒന്നിപ്പിക്കണം. അതിന് എന്തു നിലപാടെടുക്കണം എന്നതാവും സിപിഐയുടെ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുകയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. യോജിപ്പിന്റെയും ഐക്യത്തിന്റെയും പുതിയ സാഹചര്യം ഉയർന്നു വരണം. അതിന് ഇടതുപക്ഷം തന്നെ മുൻ കൈയെടുക്കണം. അഭിപ്രായവ്യത്യാസം ഉണ്ടായാൽ പാർട്ടി പിളരൽ എന്ന നിലപാടിലേക്ക് പോവരുത്. ഒരിക്കൽ ഇടതുപക്ഷത്തിന്റെ പിളർപ്പിന് ഉത്തരവാദികളായവർ പുതിയ സാഹചര്യത്തെ കണ്ണ് തുറന്ന് കാണണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കേരള കോൺഗ്രസ് -എം വെന്റിലേറ്ററിൽ ആണെന്നു പറഞ്ഞിട്ടില്ല: കാനം
01:38 AM Jan 22, 2018 | Deepika.com