ഗാന്ധിനഗർ(കോട്ടയം): ട്രെയിൻ യാത്രയ്ക്കിടെ കൊള്ളയടിക്കപ്പെട്ടു കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന അമ്മയുടെയും മകളുടെയും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. പിറവം അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ഷീലാ സെബാസ്റ്റ്യൻ (58), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (24) എന്നിവരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇന്നലെ രാവിലെ ഇരുവരുടെയും മൊഴികൾ റെയിൽവേ പോലീസ് രേഖപ്പെടുത്തി.
ഇരുവർക്കും ചായയിൽ കലർത്തി നല്കിയതു ഏതു തരത്തിലുള്ള മയക്കുമരുന്നാണെന്നു കണ്ടെത്തുന്നതിനായി ഇവരുടെ രക്തസാന്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു മെഡിസിൻ യൂണിറ്റ് ചീഫ് ഡോ. പ്രശാന്ത്കുമാർ പറഞ്ഞു.
ശബരി എക്സ്പ്രസിന്റെ എസ് എട്ട് കംപാർട്ട്മെന്റിൽ ഷീലയ്ക്കും മകൾ ചിക്കുവിനുമൊപ്പം യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള അന്വേഷണം റെയിൽവേ പോലീസ് ആരംഭിച്ചിട്ടുണ്ട്.
കോട്ടയം റെയിൽവേ പോലീസിന്റെ പക്കലുള്ള ഇത്തരം മോഷ്്ടാക്കളുടെ ചിത്രങ്ങൾ ഇന്നലെ തന്നെ ഇവരെ കാണിച്ചിരുന്നു. റെയിൽവേ പോലീസിന്റെ കോയന്പത്തൂർ ഡിവിഷനുമായി ബന്ധപ്പെട്ടു കൂടുതൽ മോഷ്ടാക്കളുടെ ചിത്രങ്ങൾ ഇന്നും നാളെയുമായി ഇവരെ കാണിക്കുമെന്നു റെയിൽവേ പോലീസ് പറഞ്ഞു.
ട്രെയിൻ യാത്രയ്ക്കിടെ കൊള്ളയടിക്കപ്പെട്ട അമ്മയും മകളും സുഖംപ്രാപിക്കുന്നു
01:38 AM Jan 22, 2018 | Deepika.com