കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പുള്പ്പെടെ ഏതു രാഷ്ട്രീയ സാഹചര്യവും നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. കേരള കോണ്‍ഗ്രസ് ഏതു മുന്നയിലേക്കാണു പോകുന്നതെന്നു കെ.എം. മാണിയാണു പറയേണ്ടത്. ഇപ്പോള്‍ സ്വതന്ത്ര നിലപാടാണു സ്വീകരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് അതേക്കുറിച്ച് അഭിപ്രായം പറയുന്നതു ശരിയല്ല.
നിലവിലെ രാഷ്ട്രീയ സ്ഥിതി 25നു ചേരുന്ന യുഡിഎഫ് നേതൃയോഗം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടും. ജെഡിയു മുന്നണി വിട്ടത് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ല. ജെഡിയു മുന്നണിയിൽ വരുന്നതിനു മുമ്പും യുഡിഎഫ് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയിട്ടുണ്ട്. അവര്‍ വന്നതുപോലെ പോയതുകൊണ്ട് പ്രത്യേകിച്ചു നഷ്ടമൊന്നും ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജയിക്കാനുള്ള ശക്തി ഇപ്പോഴും യുഡിഎഫിനു സ്വന്തമായുണ്ട്. സമയമാകുമ്പോള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. ജനങ്ങള്‍ വിലയിരുത്തുന്നത് ഘടകകക്ഷികളുടെ എണ്ണം നോക്കിയിട്ടല്ല. മറിച്ച് കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളെ അടിസ്ഥാനമാക്കിയാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏതു രാഷ്ട്രീയ സാഹചര്യവും നേരിടാന്‍ യുഡിഎഫ് സജ്ജം: പി.കെ. കുഞ്ഞാലിക്കുട്ടി
01:38 AM Jan 22, 2018 | Deepika.com