മാവേലിക്കര: കെസിവൈഎം സംസ്ഥാന സമിതിയുടെ 40-ാമത് സെനറ്റ് സമ്മേളനവും പുതിയ ഭാരവഹികളുടെ തെരഞ്ഞെടുപ്പും കെസിബിസിയുടെ യുവജന വർഷ ഉദ്ഘാടനവും ഇന്നു മുതൽ 21 വരെ മാവേലിക്കര രൂപതയുടെ ആതിഥേയത്വത്തിൽ ജീവാരാം ആനിമേഷൻ സെന്ററിൽ നടക്കും. ഇന്നു വൈകുന്നേരം തുടങ്ങുന്ന സമ്മേളനത്തിൽ കേരളത്തിലെ 32 കത്തോലിക്ക രൂപതകളുടെയും പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിശകലനങ്ങളും വിലയിരുത്തലുകളും നടക്കും.
നാളെ രാവിലെ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ദിവ്യബലിക്കു മുഖ്യകാർമികത്വം വഹിക്കും. സെനറ്റ് സമ്മേളന ഉദ്ഘാടനം മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യൂ നല്ലില അധ്യക്ഷതവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. സംസ്ഥാന ഡയറക്ടർ ഫാ. മാത്യു ജേക്കബ് തിരുവാലിൽ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി പോൾ ജോസ് സ്വാഗതവും ആശംസിക്കും. മാവേലിക്കര രൂപത വികാരി ജനറാൾ മോണ്. ജോസ് വെണ്മലോട്ട്, രൂപത ഡയറക്ടർ ഫാ. ഫിലിപ്പ് ഇടയാനവിള, രൂപത പ്രസിഡന്റ് റെജി വർഗീസ് പെരിങ്ങനാട് എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാസന്ധ്യ.
21നു രാവിലെ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കർമപദ്ധതിയുടെ വിശകലനവും നടക്കും. രാവിലെ 11.00ന് കെസിബിസിയുടെ ഒൗദ്യോഗികമായ യുവജനവർഷ ഉദ്ഘാടനം നടക്കും. യുവജന കമ്മീഷൻ ചെയർമാൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയാകും. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനംചെയ്യും. കൊല്ലം രൂപതാധ്യക്ഷൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ, പുനലൂർ രൂപതാധ്യക്ഷൻ ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
കേരളത്തിലെ എല്ലാ കത്തോലിക്ക യുവജന സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും. ചടങ്ങിനു കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ നന്ദി പ്രകാശിപ്പിക്കുമെന്നും കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില, ഡയറക്ടർ ഫാ. മാത്യു ജേക്കബ് തിരുവാലിൽ, മാവേലിക്കര രൂപത പ്രസിഡന്റ് റെജി വർഗീസ് പെരിങ്ങനാട്, സെക്രട്ടറി റോബി ജോണ്, സംസ്ഥാന സെനറ്റംഗം ആശിഷ് കുറത്തികാട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനവും യുവജന വർഷ ഉദ്ഘാടനവും
01:47 AM Jan 19, 2018 | Deepika.com