കൊച്ചി: വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് സംഘടിപ്പിച്ച പ്രഥമ ഓട്ടോക്രോസിൽ ഡോ. ബിക്കു ബാബു ചാന്പ്യനായി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മൈതാനിയിൽ ഓട്ടോക്രോസിനായി പ്രത്യേകം തയാറാക്കിയ 750 മീറ്റർ ട്രാക്കിൽ രണ്ടു റൗണ്ട് ഏറ്റവും കുറഞ്ഞ സമയത്തു പൂർത്തിയാക്കിയാണു ബിക്കു ചാന്പ്യനായത്. 1600 സിസി വിഭാഗത്തിൽ 131.94 സെക്കൻഡിലും ഓപ്പണ് വിഭാഗത്തിൽ 131.10 സെക്കൻഡിലും ഫിനിഷ് ചെയ്താണ് ഇന്റർനാഷണൽ റാലി ചാന്പ്യൻ കൂടിയായ ഡോ. ബിക്കു പ്രഥമ പോപ്പുലർ ഓട്ടോക്രോസ് ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്. ഏഴു കാറ്റഗറികളിലായി പങ്കെടുത്ത 81 മത്സരാർഥികളിൽനിന്ന് ഓരോ കാറ്റഗറിയിലും അഞ്ചു പേർ വീതം ഫൈനലിലേക്കു യോഗ്യത നേടി.
വനിതകളിൽ സഹോദരിമാരായ അഫ്രിനും ഫർസാനയും ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദ്യമായി ഓട്ടോക്രോസിനിറങ്ങിയ കർണാടകയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥിനി ശിവാനി പൃഥ്വി 165.12 സെക്കൻഡിൽ പൂർത്തിയാക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 1100 സിസി, 1400 സിസി വിഭാഗങ്ങളിൽ യഥാക്രമം 142.17, 135.53 സെക്കന്റുകളിലായി ജേക്കബ് ഒന്നാമതായി. 142.85 കൊണ്ട് ഫിനിഷ് ചെയ്ത സൂരജാണ് ജിപ്സി ക്ലാസിലെ ചാന്പ്യൻ. 143.85 സെക്കൻഡിൽ ഫിനിഷ് ചെയ്ത രോഹിത് കേരള ക്ലാസിൽ വിജയം നേടി.
പീറ്റ്സ് ഓട്ടോമോട്ടീവ് പ്രോഡക്ട്സിന്റ ആഡംബര വാഹന പ്രദർശനമായ പീറ്റ്സ് ഫെസ്റ്റിവൽ ഓഫ് സ്പീഡിനോടനുബന്ധിച്ചാണ് ഓട്ടോക്രോസ് സംഘടിപ്പിച്ചത്. ചാന്പ്യൻമാർക്കു പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് ഡയറക്ടർ ഫ്രാൻസിസ് കെ. പോൾ, എസിഎംഎസ് ഗ്രൂപ്പ് ഡയറക്ടർ പ്രമോദ്, പീറ്റ്സ് ഓട്ടോമോട്ടീവ് പ്രോഡക്ട്സ് ഡയറക്ടർ പീറ്റർ കെ. ചാക്കോ തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു.
ഡോ. ബിക്കു ബാബു പോപ്പുലർ ഓട്ടോക്രോസ് ചാന്പ്യൻ
01:51 AM Jan 16, 2018 | Deepika.com