തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാടു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചു.
പാറശാല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കസ്റ്റഡി മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കണമെന്ന് 2017 ജൂലൈയിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂർവങ്ങളിൽ അപൂർവം എന്ന ഗണത്തിൽ വരുന്നില്ലെന്നും പറഞ്ഞ് സിബിഐ സംസ്ഥാന സർക്കാരിന്റെ അഭ്യർഥന നിരസിക്കുകയായിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടത്.
മരണത്തിൽ പോലീസുകാർക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നതുകൊണ്ടാണ് കേസ് സിബിഐ അന്വേഷിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടതെന്നു ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടി. കേസ് സംസ്ഥാന പോലീസ് അന്വേഷിക്കുന്നതിൽ ശ്രീജീവിന്റെ കുടുംബത്തിന് അതൃപ്തിയുണ്ട്. മാത്രമല്ല, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരൻ രണ്ടു വർഷമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിലുമാണ്. അതിനാൽ കേസ് സിബിഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ ആവശ്യമായ നിർദേശം നൽകണമെന്ന് പേഴ്സണൽ മന്ത്രാലയം സെക്രട്ടറി അജയ് മിത്തലിന് ചീഫ് സെക്രട്ടറി പോൾ ആന്റണി അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ശ്രീജീവിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വീണ്ടും കേന്ദ്രത്തിനു കത്തയച്ചു
01:46 AM Jan 15, 2018 | Deepika.com