കുറവിലങ്ങാട്: പുതുമയുടെ പകിട്ടണിഞ്ഞ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന് 21നു കൊടിയേറും. നവീകരിച്ച ദേവാലയത്തിന്റെയും ദൃശ്യവത്കരിച്ച അത്ഭുത ഉറവയുടെയും വെഞ്ചരിപ്പും ഇതിനൊപ്പം നടക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റുമെന്നതും പ്രത്യേകതയാണ്.
21ന് 10.30ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നവീകരിച്ച ദേവാലയത്തിന്റെ ആശീർവാദം നിര്‍വഹിച്ച ശേഷം തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് ദൃശ്യവത്കരിച്ച അദ്ഭുത ഉറവയുടെ വെഞ്ചരിപ്പ് പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നിര്‍വഹിക്കും. സമൂഹബലിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പിൽ, പാലാ രൂപത വികാരി ജനറാള്‍മാരായ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍ മുന്‍ വികാരിയും മുത്തോലപുരം ഇടവക വികാരിയുമായ ഫാ. ജോര്‍ജ് മുളങ്ങാട്ടില്‍, ഇടവകാംഗവും ഉള്ളനാട് വികാരിയുമായ ഫാ. ജോസ് കോട്ടയില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ സമൂഹബലി. 4.30ന് വികാരി റവ. ഡോ. ജോസഫ് തടത്തിലും ഏഴിന് അസി. വികാരി ഫാ. ജോര്‍ജ് എട്ടുപറയിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
22ന് 8.30ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. അഞ്ചിന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. എട്ടിന് കുര്യനാട്, കോഴാ, തോട്ടുവ, പകലോമറ്റം എന്നിവിടങ്ങളില്‍നിന്നുള്ള പ്രദക്ഷിണങ്ങള്‍ പള്ളിയില്‍നിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയില്‍ സംഗമിക്കും.
പ്രധാന തിരുനാള്‍ ദിനമായ 23ന് 8.30ന് സീറോമലങ്കര സഭ കൂരിയ മെത്രാനും അപ്പസ്തോലിക് വിസിറ്റേറ്ററുമായ യൂഹന്നാന്‍ മാര്‍ തിയഡോഷ്യസ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 10.30ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഒന്നിന് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. മൂന്നാംദിനമായ 24ന് വൈകുന്നേരം 4.30ന് സീറോ മലബാര്‍ സഭ കൂരിയ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും.
തിരുനാളിനു മുന്നോടിയായി പകലോമറ്റം തറവാട് പള്ളിയില്‍ നടക്കുന്ന സഭൈക്യ വാരാചരണത്തിന് ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റി.
കുറവിലങ്ങാട് മൂന്നുനോമ്പിന് 21നു കൊടിയേറും
01:25 AM Jan 15, 2018 | Deepika.com