തിരുവനന്തപുരം: അടിയന്തരഘട്ടത്തിലുള്ള രോഗികൾക്കു ചികിത്സ നിഷേധിക്കുന്നതു വഴി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതു ക്രിമിനൽ കുറ്റമാണെന്നിരിക്കെ ചികിത്സ നിഷേധിച്ച് ഡോക്ടർമാർ തെരുവിലിറങ്ങിയതു പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ന്യായമായ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യാൻ ഡോക്ടർമാർക്കു തടസമില്ലെങ്കിലും അതു രോഗികളുടെ ജീവൻ കൈയിലെടുത്തു കൊണ്ടാകരുതെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശം കവർന്നെടുക്കാനുള്ള അധികാരം ആർക്കുമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. മെഡിക്കൽ ബന്ദിന്റെ പേരിൽ സംസ്ഥാനത്ത് അടിയന്തര ചികിത്സ ആവശ്യമുള്ള നൂറു കണക്കിനു രോഗികൾ വലഞ്ഞത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ഡോക്ടർമാർ ചികിത്സിക്കാതെ തെരുവിലിറങ്ങിയതു നിയമവിരുദ്ധം: കമ്മീഷൻ
02:23 AM Jan 04, 2018 | Deepika.com