തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സുശീൽ ഖന്ന റിപ്പോർട്ട് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് യൂണിയനുകളും പെൻഷൻ സംഘടനകളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ആർടിസിക്ക് സ്വന്തം വരുമാനത്തിൽനിന്നു ശമ്പളവും പെൻഷനും കണ്ടെത്താൻ സഹായിക്കുന്ന പദ്ധതികൾ സുശീൽ ഖന്ന റിപ്പോർട്ടിലുണ്ട്.
ശരാശരി ഒരു ബസ് പ്രതിദിനം ഓടുന്ന ദൂരം, വരുമാനം, മൈലേജ്, ബ്രേക്ക്ഡൗണ് നിരക്ക് തുടങ്ങി ഉത്പാദന ക്ഷമതയുടെ ഏത് അളവുകോൽ എടുത്താലും കെഎസ്ആർടിസി ദേശീയ ശരാശരിയേക്കാൾ താഴെയാണ്. ഇത് ദേശീയ ശരാശരിയിലേക്കെങ്കിലും ഉയർത്തണം. ഒറ്റയടിക്ക് ഉയർത്തണമെന്നല്ല. രണ്ടു വർഷം കൊണ്ടെങ്കിലും ഇതു സാധിക്കണം. ഇതിന് തൊഴിലാളികളുടെ കൂട്ടായ സഹകരണം കൂടിയേ തീരൂ. ഉയർന്ന പലിശയുള്ള ഹ്രസ്വകാല വായ്പകളായി 3500 കോടി രൂപ കെഎസ്ആർടിസി കടം എടുത്തിട്ടുണ്ട്. ഇത് ചുരുങ്ങിയ പലിശ നിരക്കുള്ള ദീർഘകാല വായ്പകളാക്കി മാറ്റാൻ ബാങ്കുകൾ തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തീകരിച്ച് വായ്പ എടുക്കണം. ഇതുകൊണ്ടു മാത്രം ശന്പളം കൊടുക്കാൻ കടം മേടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയും.
മാനേജുമെന്റിന്റെ പ്രവർത്തനങ്ങളും അടിമുടി മാറണം. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരെ നിയമിക്കണം. കംപ്യൂട്ടർവത്കരണം അടിയന്തരമായി നടപ്പിലാക്കണം. ഒരു ആധുനിക മാനേജ്മെന്റിനു മാത്രമേ ഇതെല്ലാം നടപ്പാക്കാനാകൂ.
കെഎസ്ആർടിസിക്ക് പുതിയ ബസുകളും വാങ്ങേണ്ടതുണ്ട്. 3000 പുതിയ ബസുകൾ വേണമെന്നാണ് പറയുന്നത്. അത് 5000 ആക്കുന്നതിനും തടസമില്ല. ഒരു വർഷം മുൻപ് പ്രഖ്യാപിച്ച ബസുകൾ വാങ്ങാനുള്ള പ്രൊപ്പോസൽ മാനേജുമെന്റ് സമർപ്പിച്ചത് ഇപ്പോൾ മാത്രമാണ്.
കെഎസ്ആർടിസി നൽകുന്ന സൗജന്യ സേവങ്ങളുടെ നഷ്ടം സർക്കാർ നൽകണം. ഇതു പ്രതിവർഷം 200 കോടി രൂപ വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഇത്രയും ചെയ്താലും കെഎസ്ആർടിസിയിൽ വരവും ചെലവും തമ്മിൽ വിടവുണ്ടാകും. കാരണം പരിഷ്കാരങ്ങൾ ഒറ്റയടിക്ക് നടപ്പിലാക്കാൻ കഴിയില്ല. അത് പൂർത്തിയാകാൻ രണ്ടു വർഷമെങ്കിലും എടുക്കും. ഈ കാലത്തെ വിടവ് സർക്കാർ നികത്തി കൊടുക്കുമെന്നും ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇതൊരു പാക്കേജാണ്. ഈ പാക്കേജ് നടപ്പാക്കുകയാണ് വേണ്ടത്. അല്ലാതെ ശമ്പളവും പെൻഷനും സർക്കാർ നൽകി കെഎസ്ആർടിസിയെ നിലനിർത്തണം എന്നുപറഞ്ഞാൽ അതിന് അധികകാലം നിലനിൽപ്പുണ്ടാകില്ലെന്നും തോമസ് ഐസക് പറയുന്നു.
കെഎസ്ആർടിസി : ജീവനക്കാർ ഒരുമിച്ചു പ്രവർത്തിക്കണമെന്നു ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
11:05 PM Dec 17, 2017 | Deepika.com