കോട്ടയം: വിവിധ ക്രൈസ്തവസഭകളുടെ ഒന്നിച്ചുവരവ്, സംയുക്തമായ സുവിശേഷ സാക്ഷ്യവും ക്രിസ്തുനാഥന്റെ കല്പനകളുടെ സാക്ഷാത്കാരവുമാണെന്ന് സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറി ആർച്ച്ബിഷപ് ബ്രിയാൻ ഫാരെൽ.
വിജയപുരം രൂപത വിമലഗിരി പാസ്റ്ററൽ സെന്ററിൽ ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിസിബിഐ) എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ആശയവൈരുധ്യങ്ങളും വൈവിധ്യങ്ങളും അംഗീകരിച്ചുതന്നെ ഒന്നിച്ചുനിന്നു പ്രവർത്തിച്ചു യേശുനാഥന് സാക്ഷ്യം നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ മുഖ്യപ്രഭാഷണം നടത്തി. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ആർച്ച്ബിഷപ് എമിരറ്റസ് ഡോ. വിൻസെന്റ് കൊൺസസാവോ, ധർമപുരി ബിഷപ് ലോറൻസ് പയസ്, നെല്ലൂർ ബിഷപ് മോസസ് പ്രകാശം, വിജയവാഡ ബിഷപ് രാജാറാവു, സിഎസ്ഐ ബിഷപ് തോമസ് ഉമ്മൻ, പൗരസ്ത്യ ഓർത്തഡോക്സ് സഭകളുമായുള്ള സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാൻ ഓഫീസ് സെക്രട്ടറി മോൺ. ഗബ്രിയേൽ ക്വിക്ക് എന്നിവർ പ്രസംഗിച്ചു.
വിമലഗിരി കത്തീഡ്രലിൽ എല്ലാ ബിഷപ്പുമാരുടെ സഹകാർമികത്വത്തിലും വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് ബ്രിയാൻ ഫാരെൽ മുഖ്യകാർമികത്വത്തിലും സമൂഹബലി അർപ്പിച്ചു.
വിജയപുരം വികാരി ജനറാൾ മോൺ. ജസ്റ്റിൻ മഠത്തിപ്പറന്പിൽ, എപ്പിസ്കോപ്പൽ വികാരി മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, ഫാ. ഫെലിക്സ് ദേവസ്യ പുറത്തേപ്പറന്പിൽ, ഫാ. പ്രസാദ് തെരുവത്ത് ഒസിഡി, സിസിബിഐ കമ്മീഷൻ സെക്രട്ടറി ഫാ. ഗിൽബർട്ട് എന്നിവർ നേതൃത്വം നല്കി.
സഭകളുടെ ഐക്യം കല്പനകളുടെ സാക്ഷാത്കാരം: ആർച്ച്ബിഷപ് ബ്രിയാൻ ഫാരൽ
01:24 AM Dec 17, 2017 | Deepika.com