തിരുവനന്തപുരം: ഓഖി ദുരന്തം സംഭവിച്ച് ഒരു മാസം തികയുന്ന 29ന് തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ മരണമടഞ്ഞവരെയും കാണാതായവരെയും അനുസ്മരിച്ച് ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തുമെന്ന് തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം.
അതിരൂപതയിലെ പള്ളികളിൽ വായിക്കുന്നതിനായി തയാറാക്കിയിരിക്കുന്ന ഇടയലേഖനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഈ സമ്മേളനത്തിൽ അതിരൂപതയുടെ ഒന്നാം ഘട്ട പുനരധിവാസ പദ്ധതിയുടെ ഏകദേശ രൂപം നൽകാനാകുമെന്നും ഇടയലേഖനത്തിൽ പറയുന്നു.
ഇന്നു പള്ളികളിൽ സ്വീകരിക്കുന്ന കാണിക്കയും സംഭാവനകളും പൂർണമായും പുനരധിവാസത്തിനു പ്രയോജനപ്പെടുത്തും. സർക്കാർ വാഗ്ദാനം ചെയ്ത ദുരിതാശ്വാസ പാക്കേജിനോടൊപ്പം സഭാതലത്തിൽ അതിരൂപത- ഇടവക തലത്തിൽനിന്നു സാധ്യമായ വിഭവങ്ങളെല്ലാം സമാഹരിച്ച് പടിപടിയായ പുനരധിവാസ പദ്ധതിക്കു രൂപം കൊടുത്തു കൊണ്ടിരിക്കുകയാണ്. സമാഹരിക്കുന്ന സംഭാവനകളൊന്നും തന്നെ ഒരു പൈസ പോലും ചോർന്നു പോകാതെ അങ്ങേയറ്റം സുതാര്യമായി ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനാകണം. സാഹചര്യങ്ങൾ മുതലെടുക്കാൻ ആരെയും അനുവദിക്കരുത്. സ്നേഹത്തോടെ പരസ്പരം സഹകരിച്ചു മുന്നോട്ടു പോയാൽ ഇന്നത്തെ പ്രതിസന്ധിയെ തരണം ചെയ്യുക മാത്രമല്ല, വികസനത്തിന്റെ പാതയിലൂടെ മുന്നോട്ടു പോകാനും സാധിക്കും.
രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിച്ച ഇടയലേഖനത്തിൽ, മനസ് വച്ചാൽ ഒത്തൊരുമിച്ച് പുതിയൊരു സംസ്കാരം നമുക്കിടയിൽ വാർത്തെടുക്കാൻ സാധിക്കും എന്നതിന്റെ തെളിവായിരുന്നു മാർച്ച് എന്നും ആർച്ച്ബിഷപ് ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ഓഖി ദുരന്തം: 29ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും: ഡോ. സൂസപാക്യം
01:24 AM Dec 17, 2017 | Deepika.com