കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപത കുടുംബപ്രേഷിത വിഭാഗത്തിന്റെ നേതൃത്വത്തിൽ അഞ്ചാമതു ഗ്രേസ് റിപ്പിൾസ് ദന്പതി കോണ്‍ഫറൻസ് എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ (വിശുദ്ധ ലൂയി-സെലിൻ നഗർ) നാളെ നടക്കും. രാവിലെ 9.30നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യും.
സൗഹാർദ കുടുംബം- തനിമയാർന്ന യുവത്വം എന്നതാണു കോണ്‍ഫറൻസിന്റെ വിഷയം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ മതിൽ വേണമോ? എന്ന വിഷയത്തിൽ കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ കല്ലേലി പ്രബന്ധം അവതരിപ്പിക്കും. മാറുന്ന മനസും മാറേണ്ട രക്ഷാകർതൃത്വവും എന്ന വിഷയത്തിൽ പ്രമുഖ സൈക്യാട്രിസ്റ്റും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി ബ്രെയിൻ ആൻഡ് മൈൻഡ് വിഭാഗം തലവനുമായ ഡോ.സി.ജെ. ജോസഫ് സെമിനാർ നയിക്കും. നടൻ സിജോയ് വർഗീസ്, റേഡിയോ ജോക്കി മരിയ തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും പേരന്റിംഗ് കൃപാഭിഷേക ശുശ്രൂഷയും ഉണ്ടാകും. ബാബു പള്ളാശേരി രചിച്ച ’അകലാം അരികിലേക്ക്’ എന്ന ദൃശ്യാവിഷ്കാരം ഉണ്ടാകും.
ആയിരത്തോളം ദന്പതികൾ കോണ്‍ഫറൻസിൽ പങ്കെടുക്കുമെന്നു ചെയർമാൻ ഫാ. റിജോ ജീരകത്തിൽ, ജനറൽ കണ്‍വീനർ റൂബി ചെറിയാൻ, മെജോ റൂബി എന്നിവർ അറിയിച്ചു.
ഗ്രേസ് റിപ്പിൾസ് ദന്പതി കോണ്‍ഫറൻസ് ചിറ്റൂരിൽ നാളെ
01:32 AM Dec 15, 2017 | Deepika.com