ആലുവ: നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു മടങ്ങിയവർ സഞ്ചരിച്ച കാർ ദേശീയപാതയിൽ നിയന്ത്രണം വിട്ടു മെട്രോതൂണിലിടിച്ചു ബന്ധുക്കളായ മൂന്നു പേർ മരിച്ചു.
കോട്ടയം എസ്എച്ച് മൗണ്ട് പെരുന്പായിക്കാട് തലവനാട്ട് മഠത്തിൽ രാജേന്ദ്രപ്രസാദ് (59), മകൻ അരുണ്‍ പ്രസാദ് (32), രാജേന്ദ്രപ്രസാദിന്റെ മരുമകന്റെ പിതാവ് നട്ടാശേരി ആലപ്പാട് ചന്ദ്രൻ നായർ (63) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെ 2.45ന് മുട്ടം തൈക്കാവിനു സമീപം യു ടേണ്‍ ചെയ്യുന്ന ഭാഗത്തു സ്ഥാപിച്ച ഇരുന്പുബാറിൽ തട്ടിയശേഷം മെട്രോ തൂണിലിടിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു ചന്ദ്രൻനായരുടെ ഇളയ മകൻ ശ്രീജിത്തിന്റെ വിവാഹം. വിവാഹത്തിൽ പങ്കെടുത്തശേഷം വിദേശത്തെ ജോലി സ്ഥലത്തേക്കു പോകുന്ന ചന്ദ്രൻനായരുടെ മൂത്തമകനെ നെടുന്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങുകയായിരുന്നു സംഘം.അരുണ്‍ പ്രസാദാണു കാർ ഓടിച്ചിരുന്നത്. അരുണ്‍ പ്രസാദിനെയും മുൻവശത്തെ ഇടതുസീറ്റിൽ ഇരുന്ന രാജേന്ദ്ര പ്രസാദിനെയും അഗ്നിശമന സേനയാണു പുറത്തെടുത്തത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പോലീസ് നിഗമനം. കോട്ടയം മലയാള മനോരമയിൽ ലൈബ്രറേറിയനാണു രാജേന്ദ്രപ്രസാദ്. മകൻ അരുണ്‍ മനോരമ ഓണ്‍ലൈനിൽ സീനിയർ ഡിസൈനറാണ്.
രാജേന്ദ്രപ്രസാദിന്റെ ഭാര്യ: മാന്നാർ കൊരട്ടി മണപ്പുറത്ത് കുടുംബാഗം ഗീതാ പ്രസാദ്. അരുണിന്റെ ഭാര്യ: ആതിര വേണുഗോപാൽ (അധ്യാപിക, ലൂർദ് പബ്ലിക്ക് സ്കൂൾ കോട്ടയം, ഏറ്റുമാനൂർ പേരൂർ കോയിപ്പുറത്ത് കുടുംബാംഗം). ഇരുവരുടെയും സംസ്കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ.
ചന്ദ്രൻ നായരുടെ ഭാര്യ: രാധമ്മ. മക്കൾ: ശ്രീരാജ് ചന്ദ്രൻ, ശ്രീജിത്ത് ചന്ദ്രൻ, മരുമക്കൾ: അശ്വതി, സജിത. ചന്ദ്രൻ നായരുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു വീട്ടുവളപ്പിൽ.
കാർ മെട്രോതൂണിലിടിച്ച് ബന്ധുക്കളായ മൂന്നു പേർ മരിച്ചു
01:08 AM Dec 14, 2017 | Deepika.com