എം.എം. ഹസൻ
തിരുവനന്തപുരം: ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള കോണ്‍ഗ്രസിനെ നയിക്കാൻ കരുത്തനായ യുവസാരഥിയെയാണു ലഭിച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. രാജ്യത്തെ യുവാക്കൾക്ക് ആവേശം പകരുന്ന തീരുമാനമാണിത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വർഗീയ- ഫാസിസ്റ്റ് ശക്തികളെ നേരിട്ടുകൊണ്ടു ജനാധിപത്യ മതേതര ശക്തികളുടെ മുന്നേറ്റമാണ് ഇനി കാണാൻ പോകുന്നത്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി എം.എം. ഹസൻ അറിയിച്ചു.
ഉമ്മൻ ചാണ്ടി
കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിനന്ദിച്ചു.
പൊള്ളയായ വാഗ്ദാനങ്ങളിലേക്കല്ല, മറിച്ച് നല്ല റിസൾട്ട് ഉണ്ടാക്കുന്ന നേതാവിനു വേണ്ടിയാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്. രാഹുൽ ഗാന്ധിക്ക് അതിന് കഴിയുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. എല്ലാവർക്കും ആഹ്ളാദവും അഭിമാനവും പകർന്ന തീരുമാനമാണിത്. ജനാധിപത്യ മതേതര ശക്തികളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് കാലഘട്ടത്തിന്റെ ആവശ്യം. അതിനു രാഹുൽ ഗാന്ധിക്ക് മാത്രമേ കഴിയൂ. രാജ്യം പുത്തൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
രമേശ് ചെന്നിത്തല
രാഷ്ട്രം ഇന്നു നേരിടുന്ന കടുത്ത വെല്ലുവിളികൾക്കുള്ള ഉത്തരമാണ് രാഹുൽ ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ തകർക്കപ്പെടുകയും വിദ്വേഷത്തിന്റെ വിഷം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും പടർത്തുകയും ചെയ്യുന്ന അതീവ അപകടകരമായ അവസ്ഥയിലാണ് രാഹുൽ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷനാവുന്നത്. ഇപ്പോഴത്തെ ഈ അവസ്ഥയിൽനിന്നു രാഷ്ട്രത്തെ മോചിപ്പിച്ച് മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പാതയിലൂടെ ഇന്ത്യയെ വീണ്ടും വികസനക്കുതിപ്പിലേക്ക് നയിക്കാൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രിസിന് കഴിയും. രാജ്യത്തെ സ്നേഹിക്കുന്നവർ ഒന്നാകെ രാഹുലിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രിസിനു പിന്നിൽ അണിനിരക്കുമെന്നും പാർട്ടി കൂടുതൽ കരുത്താർജിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വി.എം. സുധീരൻ
കോണ്‍ഗ്രസിൽ ഒരു തലമുറ മാറ്റം യാഥാർഥ്യമായിരിക്കുകയാണെന്ന് വി.എം. സുധീരൻ. തലമുറകളെ കൂട്ടിയിണക്കുന്ന ബലവത്തായ ഒരു കണ്ണിയായി പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കി വിജയത്തിലേക്ക് നയിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കട്ടെ. വ്യക്തി താല്പര്യമോ സ്വാർഥതയോ ഇല്ലാതെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനശൈലി കോണ്‍ഗ്രസിന് കൂടുതൽ കരുത്ത് പകരുമെന്നു സുധീരൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് അഭിനന്ദനവുമായി നേതാക്കൾ
01:08 AM Dec 12, 2017 | Deepika.com