അങ്കമാലി/കാലടി: പൊള്ളാച്ചിയിൽ കാർ കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച യുവാക്കൾക്കു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാലടി മാണിക്കമംഗലം കോലഞ്ചേരി ഔസേഫിന്റെ മകൻ ജാക്സണിന്റെ സംസ്കാരം ഇന്നലെ ഉച്ചകഴിഞ്ഞു 2.30ന് മാണിക്കമംഗലം സെന്റ് റോക്കീസ് ദേവാലയത്തിലും ഏഴാറ്റുമുഖം കുറുങ്ങാടൻ പോളച്ചന്റെ മകൻ അമൽ പോളിന്റെ സംസ്കാരം വൈകുന്നേരം 4.30ന് ഏഴാറ്റുമുഖം സെന്റ് തോമസ് ദേവാലയത്തിലും നടന്നു.
രണ്ടിടത്തും ബിഷപ് മാർ തോമസ് ചക്യത്ത് സംസ്കാര ശുശ്രൂഷകൾക്കു കാർമികത്വം വഹിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാൻ ഇരുവീടുകളിലേക്കും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. റോജി എം.ജോൺ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ഇടവക ദേവാലയത്തിലെ മുൻ വൈദികരും കെസിവൈഎം, സിഎൽസി ഭാരവാഹികളും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. അപകടത്തിൽ മരിച്ച മൂക്കന്നൂർ പറന്പയം പറപ്പിള്ളി ജോയിയുടെ മകൻ ജിതിന്റെ സംസ്കാരം ഇന്നു മൂന്നിന് വിജയപുരം സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കും. അങ്കമാലി എൽഎഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ജിതിന്റെ മൃതദേഹം രാവിലെ ഒന്പതോടെ പറന്പയത്തുള്ള വീട്ടിലേക്കു കൊണ്ടുവരും.
അതേസമയം, ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട അയ്യന്പുഴ ചുള്ളി കോളാട്ടുകൂടി ജോണിയുടെ മകൻ റിജോയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊള്ളാച്ചിയിൽനിന്ന് 16 കിലോ മീറ്റർ അകലെ ഗോമംഗലത്ത് കഴിഞ്ഞ ഞായറാഴ്ച രാവിലെ 7.30നായിരുന്നു അപകടം. അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ കനാലിലേക്കു മറിയുകയായിരുന്നു. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന മൂക്കന്നൂർ പറന്പയം പുതുശേരി പോൾ പി. ജോസഫിന്റെ മകൻ ആൽഫ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
മരിച്ച മൂന്നുപേരും കാണാതായ റിജോയും അവരുടെ കുടുംബങ്ങളിലെ ഏക ആണ്തരികളായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ജാക്സണ് സിഎൽസിയുടെ സജീവ പ്രവർത്തകനായിരുന്നു. മൂന്നു സഹോദരിമാരാണു ജാക്സണുള്ളത്. ചാലക്കുടി നിർമല കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന അമൽ ദീപിക ഫ്രണ്ട്സ് ക്ലബ് ഭാരവാഹിയും കെസിവൈഎം പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു. എംസിഎ പഠനത്തിനുശേഷം വിദേശത്തു ജോലി ലഭിച്ച ജിതിൻ ഈ മാസം അവസാനം വിദേശത്തേക്കു പോകാൻ തയാറെടുക്കുകയായിരുന്നു. സിഎൽസി മൂക്കന്നൂർ ഫൊറോനയുടെയും വിജയപുരം യൂണിറ്റിന്റെയും മുൻ പ്രസിഡന്റായിരുന്ന ജിതിൻ നിലവിൽ ഇടവകയിലെ സിഎൽസി പ്രൊമോട്ടറും കെസിവൈഎമ്മിന്റെ സജീവ പ്രവർത്തകനുമായിരുന്നു.
പൊള്ളാച്ചി അപകടം: യുവാക്കൾക്കു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
12:33 AM Dec 12, 2017 | Deepika.com