മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് സ്ഥാപക ചെയർമാൻ കെ.എം. ജോർജിന്റെ 41-ാം ചരമവാർഷിക ദിനം വിവിധ കേരള കോണ്‍ഗ്രസുകളുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ഹോളിമാഗി ഫൊറോന പള്ളിയിലും തുടർന്നു സെമിത്തേരിയിലെ കല്ലറയിലും പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. ഓരോ പാർട്ടിയുടെയും നേതൃത്വത്തിൽ അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
കേരള കോണ്‍ഗ്രസ്-എമ്മിന്റെ നേതൃത്വത്തിൽ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിലെ കെ.എം. ജോർജിന്റെ കല്ലറയിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ റീത്ത് സമർപ്പിച്ചു. അനുസ്മരണ യോഗത്തിൽ എൻ.ജെ. ജോർജ് നന്പ്യാപറന്പിൽ അധ്യക്ഷത വഹിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണത്തോടനുബന്ധിച്ചു ശവകുടീരത്തിൽ പാർട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പുഷ്പചക്രം സമർപ്പിച്ചു. നാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി മണ്ണത്തൂക്കാരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വള്ളമറ്റം അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ്-ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെയർമാൻ ജോണി നെല്ലൂരും ലീഡർ അനൂപ് ജേക്കബ് എംഎൽഎയും കേരള കോണ്‍ഗ്രസ്-ബിയുടെ നേതൃത്വത്തിൽ വൈസ് ചെയർമാൻ പോൾ ജോസഫും നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് അനുസ്മരണ യോഗങ്ങളും നടത്തി. കോണ്‍ഗ്രസ് (സ്കറിയ തോമസ്) ചെയർമാനും മുൻ എംപിയുമായ സ്കറിയ തോമസും ശവകുടീരത്തിൽ റീത്ത് സമർപ്പിച്ചു.
കെ.എം. ജോർജിനെ അനുസ്മരിച്ചു
12:33 AM Dec 12, 2017 | Deepika.com