തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്നു മത്സ്യത്തൊഴിലാളികൾക്കും തീരദേശമേഖലയ്ക്കുമുണ്ടായിട്ടുള്ള ദുരിതങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കുന്നതിനായി ലത്തീൻ അതിരൂപതകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. കേരളീയ സമൂഹത്തിന്റെ പിന്തുണ മത്സ്യത്തൊഴിലാളികൾക്കൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാണാതായ മുഴുവൻ മത്സ്യത്തൊഴിലാളികളെയും എത്രയും വേഗം കണ്ടെത്തുന്നതിനു പഴുതടച്ചുള്ള തെരച്ചിൽ കൂടുതൽ ഊർജിതമായി നടത്തണം. മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ രക്ഷാസംവിധാനങ്ങൾ ഏകോപിപ്പിച്ച് അവസാന ആളെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ മുന്നോട്ടു പോകണം.
സംസ്ഥാന പാക്കേജിലെ അപര്യാപ്തതകൾ പരിഹരിക്കാനും കേന്ദ്ര പാക്കേജിനു വഴിയൊരുക്കാനും അതുവഴി സംയുക്ത പാക്കേജിനു രൂപം നൽകി ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും സുരക്ഷിത ജീവിതവും ഫലപ്രദമായ പുനരധിവാസവും ഉറപ്പുവരുത്താനുമുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്. സമയബന്ധിതമായി തന്നെ കേന്ദ്ര-സംസ്ഥാന പാക്കേജുകൾ നടപ്പാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വി.എം. സുധീരൻ
01:34 AM Dec 11, 2017 | Deepika.com