ക്രിസ്മസ് വിളക്ക് / ഫാ. ജോമോൻ കാക്കനാട്ട് (നാലുകോടി പള്ളി അസിസ്റ്റന്റ് വികാരി)
റിയാദിൽ ഒരു റോബട്ട് ഉണ്ടത്രേ! പേരു സോഫിയ. പ്രായമായവരെ ആശുപത്രിയിലും വീട്ടിലുമൊക്കെ പരിചരിക്കാൻ മിടുക്കി. ആഹാരം വേണ്ട, മരുന്നുവേണ്ട, ഉറങ്ങേണ്ട, വ്യായാമം വേണ്ട, എന്തു പണിയും ചെയ്യും.ആളുകളെ കണ്ടാൽ ചിരിക്കുകയും സംസാരിക്കുകയും തമാശ പറയുകയുമൊക്കെ ചെയ്യും. 2013 ഏപ്രിൽ 19ന് സോഫിയ പ്രവർത്തനസജ്ജയായി. സ്ത്രീരൂപവും ശബ്ദവുമുള്ള ഈ റോബട്ടിന് മനുഷ്യനോട് ഇടപഴകാനും സംസാരിക്കാനും ജോലി ചെയ്യാനും കഴിയും.
ഹോങ്കോംഗ് ആസ്ഥാനമായ കന്പനിയുടെ സ്ഥാപകനായ ഡേവിഡ് ഹാൻസൺ എന്ന വ്യക്തിയാണ് ഇതിന്റെ നിർമാതാവ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കൃത്രിമബുദ്ധിയും കാണാനുള്ള കഴിവും വ്യക്തികളുടെ ഭാവങ്ങൾ തിരിച്ചറിയാനുള്ള ശേഷിയും ഈയന്ത്രമനുഷ്യനുണ്ട്. കൂടാതെ നമ്മുടെ മുഖഭാവങ്ങളും അംഗവിക്ഷേപങ്ങളും അനുകരിക്കാനും മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയുമത്രേ! 2017 ഒക്ടോബർ 25ന് നടന്ന നിക്ഷേപ സമ്മേളനത്തിൽ സോഫിയ്ക്കു സൗദി അറേബ്യയുടെ പൗരത്വവും ലഭിച്ചു.
മനുഷ്യന്റെ സ്ഥാനം യന്ത്രങ്ങൾ കീഴടക്കുന്നു എന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമാണിത്. ഒരു പൗരനു രാഷ്ട്രം നൽകുന്ന അവകാശങ്ങളെല്ലാം യന്ത്രമനുഷ്യൻ നേടിയെടുത്താൽ ഭാവിയിൽ അത് എങ്ങനെ സമൂഹത്തെ ബാധിക്കുമെന്നത് ആശങ്ക ഉളവാക്കുന്നതാണ്. മനുഷ്യൻ മനുഷ്യനിൽനിന്ന് അകലം പ്രാപിക്കുന്പോൾ അവന്റെ സ്ഥാനം മറ്റു പലതും കീഴടക്കും. ഒറ്റപ്പെട്ട സംഭവമായി ലഘൂകരിക്കാമെങ്കിലും മനുഷ്യൻ ജീവനുള്ളവയെ വിട്ടു ജീവനില്ലാത്തവയുമായി സിംഹഭാഗവും ചെലവഴിക്കുന്പോൾ അവൻ യാന്ത്രികനാകുന്നു എന്നതാണു സത്യം. തന്മൂലം മനുഷ്യത്വം നശിക്കുന്നു. ചുറ്റുമുള്ള മനുഷ്യരോടും ജീവികളോടുമുള്ള സഹാനുഭുതി നഷ്ടപ്പെടുന്നു. സ്വയം യാന്ത്രികനായി മാറുന്നു. മനുഷ്യൻ യാന്ത്രികനാവുകയും യന്ത്രങ്ങൾ മാനുഷികത അണിയുകയും ചെയ്യുന്നതല്ലേ ഈ കാലഘട്ടത്തിന്റെ യഥാർഥ വെല്ലുവിളി? ക്രിസ്മസ്, സ്വർഗം വിട്ട് മനുഷ്യനോടൊപ്പം വസിക്കാൻ (എമ്മാനുവേൽ) കൂടാരമടിച്ചവന്റെ തിരുനാളാണ്.
മനുഷ്യനോട് സംവദിക്കാൻ മറ്റെന്തെല്ലാം മാർഗങ്ങളുണ്ടായിട്ടും അവയെല്ലാം ഉപേക്ഷിച്ച് ദൈവം മനുഷ്യനായി. പാപമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും മനുഷ്യനെപ്പോലെയായി. മനുഷ്യൻ മനുഷ്യനിൽ നിന്ന് അകലം പാലിക്കുന്പോൾ മനുഷ്യാവതാര രഹസ്യം അപ്രാപ്യമായി തുടരും. ദൈവം മനുഷ്യനായി എന്ന സത്യത്തിന് ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ട്. മനുഷ്യനെ തെരുവുനായയേപ്പോലെ തല്ലിക്കൊല്ലുന്ന കിരാതത്വം ശക്തി പ്രാപിക്കുന്പോൾ ദൈവത്തിന്റെ മനുഷ്യാവതാരത്തിന് ഏറെ അർഥവ്യാപ്തിയുണ്ട്.
ഈ ക്രിസ്മസ്കാലം നമ്മിലെ സർഗാത്മകതയും മനുഷ്യത്വവും സഹജീവികളോടുള്ള സഹാനുഭൂതിയും വീണ്ടെടുക്കാൻ ഇടയാകട്ടെ. കുടുംബബന്ധങ്ങളിലെ യാന്ത്രികതയെ ഒഴിവാക്കാനും ജീവനുള്ളവയുമായി കൂടുതൽ സമയം സംവദിക്കുവാനും ഈ ഒരുക്കത്തിന്റെ കാലഘട്ടത്തിൽ പരിശ്രമിക്കാം. വിശുദ്ധ അത്തനാസിയൂസ് പറയുന്നു: ദൈവത്തിന്റെ മുഖം കാണാൻ ആഗ്രഹിക്കുന്നവൻ മനുഷ്യന്റെ മുഖത്തേക്കു നോക്കിയാൽ മതി, കാരണം അവൻ മനുഷ്യനായ ദൈവമാണ്.
യാന്ത്രികനാകുന്ന മനുഷ്യൻ
01:34 AM Dec 11, 2017 | Deepika.com