കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് പ്രോഡക്ട്സ് (കെൽ) ഒരു വർഷത്തിനകം ലാഭത്തിലാകുമെന്നു ചെയർമാൻ വർക്കല രവി കുമാർ. വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം ലാഭത്തിലാക്കുന്നതു ലക്ഷ്യമിട്ടുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. നീണ്ട ഇടവേളയ്ക്കുശേഷം വൈദ്യുതി ബോർഡ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളുടെ ഓർഡറുകൾ ലഭിച്ചു തുടങ്ങി.
സ്ഥാപനത്തെ ലാഭത്തിലാക്കുന്നതിനായി ഉത്പന്ന വൈവിധ്യവത്കരണം അടക്കമുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാൻസ്ഫോർമർ അടക്കമുള്ള പരന്പരാഗത ഉത്പന്നങ്ങൾക്കൊപ്പം സോളാർ, എൽഇഡി ഉത്പന്ന ശ്രേണിയിലേക്കു പ്രവേശിക്കുകയാണ് കന്പനി. വൈകാതെ ഇവ വിപണിയിലെത്തിക്കും.
കഴിഞ്ഞ സാന്പത്തിക വർഷത്തെ നഷ്ടം 11 കോടി മാത്രമായിരുന്നുവെന്നും കെൽ സംഘടിപ്പിക്കുന്ന ഇലക്ട്രക്കൽ എൻജിനീയറിംഗ് എക്സ്പോയായ ‘ഇലെക്സ് 2017’ നെ കുറിച്ച് വിശദീകരിക്കുന്നതിനായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വർക്കല രവികുമാർ ചൂണ്ടിക്കാട്ടി.
13 മുതൽ 15 വരെ നെടുന്പാശേരിയിലെ സിയാൽ ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇലക്ട്രക്കൽ അനുബന്ധ മേഖലകളിലെ പുതിയ സാങ്കേതിക വിദ്യകളും നൂതന സാധ്യതകളും അറിയുന്നതിനും കേരളത്തിലെ ഉത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുവാനും എക്സ്പോ സഹായകമാകും. ‘ഭാവി കേരളത്തിന് ഊർജം പകരുക’ എന്നതാണ് എക്സ്പോയുടെ മുഖ്യ പ്രമേയം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കുമൊപ്പം സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കും. എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളുടെ കണ്ടെത്തലുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടാകും. അഞ്ചു സെഷനുകളിലായി 15ൽപ്പരം സെമിനാറുകളും നടക്കും. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
എക്സ്പോ 12നു വൈകുന്നേരം ഏഴിനു സിയാൽ ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെന്ററിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ഇന്നസെന്റ് എംപി, എംഎൽഎമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, എം. സ്വരാജ്, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള തുടങ്ങിയവർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ കെൽ മാനേജിംഗ് ഡയറക്ടർ ഷാജി എം. വർഗീസും പങ്കെടുത്തു.
കെൽ ഒരു വർഷത്തിനകം ലാഭത്തിലാകും: ചെയർമാൻ
12:21 AM Dec 10, 2017 | Deepika.com