തിരുവനന്തപുരം: പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചുവരുത്താൻ വനിതാ കമ്മീഷന് അധികാരം നൽകുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടു ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.
കേരള വനിതാ കമ്മീഷൻ നിയമ പ്രകാരം സാക്ഷിയെ വിളിച്ചുവരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുള്ളു.
തിരുവനന്തപുരം ചാല കമ്പോളത്തിൽ 2014 നവംബർ 14നുണ്ടായ തീപിടിത്തംമൂലം നഷ്ടം സംഭവിച്ച കട ഉടമകൾക്കും വാടകക്കാർക്കും 75.68 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ധനസഹായം അനുവദിച്ചു.തൃശൂർ കേരള ഫീഡ്സിലെ മാനേജീരിയൽ, മേൽനോട്ട വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ വേതനം പരിഷ്കരിക്കാൻ തീരുമാനിച്ചു.
ജുഡീഷൽ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ കൊച്ചി എളമക്കര പ്ലാശേരിപറന്പു വീട്ടിൽ വിനീഷിന്റെ കുടുംബത്തിന് ഇടപ്പളളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പ കുടിശിക അടക്കം 5.56 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു.
100 ശതമാനം കാഴ്ചവൈകല്യമുളള വി.ജി.ബാബുരാജന് (മലപ്പുറം ഈഴുവതിരുത്തി) ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂണിയർ (പൊളിറ്റിക്കൽ സയൻസ്) തസ്തികയിൽ വികലാംഗർക്കായുളള സംവരണ ക്വോട്ടയിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ തീരുമാനിച്ചു. പിഎസ്സിയുടെ അഭിപ്രായം മറികടന്നു മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പ്രത്യേക കേസായി പരിഗണിച്ചാണ് നിയമനം.
മൊഴിയെടുക്കാൻ ആരെയും വിളിച്ചുവരുത്താൻ വനിതാ കമ്മീഷന് അധികാരം നൽകും
01:54 AM Dec 07, 2017 | Deepika.com