കോട്ടയം: അന്തർസർവകലാശാലാ സുസ്ഥിര ജൈവകൃഷി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓർഗാനിക് സർട്ടിഫിക്കേഷൻ കേന്ദ്രം തുടങ്ങാൻ എംജി യൂണിവേഴ്സിറ്റി 50 കോടി രൂപ അനുവദിച്ചു.
ഇന്നലെ ചേർന്ന സിൻഡിക്കേറ്റാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് ആദ്യമായാണിത്. പദ്ധതിരേഖ കിഫ്ബിക്കു സമർപ്പിക്കും. ജൈവ സർട്ടിഫിക്കേഷനിൽ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് തുടങ്ങുന്നതിന്റെയും ജൈവോല്പന്നങ്ങൾക്ക് ഓർഗാനിക് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലുമാണ് എംജി ഓർഗാനിക് സർട്ടിഫിക്കേഷൻ കേന്ദ്രത്തിനു പദ്ധതി സമർപ്പിക്കുന്നത്. അക്കാദമിക് കണ്‍സൾട്ടൻസി, എക്സ്റ്റൻഷൻ, സുസജ്ജമായ പരിശോധനാ ലബോറട്ടറി തുടങ്ങിയവ പദ്ധതിയിൽ വിഭാവനം ചെയ്യുന്നു.
കാർഷിക മ്യൂസിയം
കാർഷിക ഉപകരണങ്ങൾ, കൃഷിഗീതങ്ങൾ, സംഗീതോപകരണങ്ങൾ, അപൂർവ വിത്തിനങ്ങൾ തുടങ്ങിയവയ്ക്കായുള്ള കാർഷിക മ്യൂസിയം സ്ഥാപിക്കാനും സിൻഡിക്കേറ്റ് അനുമതി നൽകി. ഗവേഷണ പ്രവർത്തനങ്ങൾ ആഗോളനിലവാരത്തിലേക്ക് ഉയർത്താൻ റൂസാ ധനസഹായത്തോടെ 9.55 കോടി രൂപയുടെ വിവിധ പദ്ധതികൾക്കും അനുമതിയായി.
ആദ്യ ഒാർഗാനിക് സർട്ടിഫിക്കേഷൻ കേന്ദ്രം എംജി വാഴ്സിറ്റിയിൽ; 50 കോടി അനുവദിച്ചു
12:55 AM Nov 25, 2017 | Deepika.com