കോട്ടയം: ശശീന്ദ്രൻ വിവാദവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്തു മാധ്യമ-സാംസ്കാരികപ്രവർത്തകരോടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുസർക്കാർ വന്ന ശേഷം ആവർത്തിക്കുന്ന മാധ്യമവേട്ട അങ്ങേയറ്റം അപഹാസ്യമാണ്. ഇക്കാര്യത്തിൽ പത്രപ്രവർത്തക യൂണിയൻ ഒന്നും ചെയ്യുന്നില്ലെന്നതു പരിതാപകരമാണ്. മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ബഹിഷ്കരിക്കാൻ ധൈര്യം കാണിക്കണം. കേരള പത്രപ്രവർത്തക യൂണിയന്റെ നാവ് ഇറങ്ങിപ്പോയോയെന്നും അദ്ദേഹം ചോദിച്ചു.
യുഡിഎഫിന്റെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ആണെങ്കിലും ഇത് ആയിരിക്കുമായിരുന്നില്ല സ്ഥിതി. വിഷയത്തിൽ മാധ്യമപ്രവർത്തകർ ആദ്യം പ്രതിഷേധിക്കുക. ഉമ്മൻ ചാണ്ടിയെ പരസ്യമായി കല്ലെറിഞ്ഞവരാണു ചാനൽമൈക്ക് തട്ടിയെന്നു പറഞ്ഞു മാധ്യമങ്ങളെ ആക്രോശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാൻ അനുവദിക്കില്ല: ചെന്നിത്തല
01:46 AM Nov 24, 2017 | Deepika.com