ഏറ്റുമാനൂർ: കുട്ടികൾ അധ്വാനത്തിന്റെ വില അറിയുന്നവരും അധ്വാനിക്കുന്നവരുമായിരിക്കണമെന്നു ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ. കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിൽ പുതിയതായി നിർമിച്ച കെ.ജി.ബ്ലോക്കിന്റെയും വാട്ടർ തീം പാർക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് വിദ്യാഭ്യാസത്തിൽ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് കുട്ടികളിൽ മടി കൂടുന്നുവെന്നതാണ്. മാതാപിതാക്കൾ ആവലാതിയോടെ കുട്ടികളുടെ പുറകെ നടക്കുന്നതുകൊണ്ട് അവർക്ക് ഒന്നും ചെയ്യേണ്ടി വരുന്നില്ല. ഇതു കുട്ടികളെ ഉത്തരവാദിത്വബോധമില്ലാത്തവരാക്കി മാറ്റുന്നു. സുഖസൗകര്യങ്ങളെ വിശ്വസിക്കാനാവില്ലെന്നും യാഥാർഥ്യം അധ്വാനത്തിന്റേതും കഷ്ടപ്പാടിന്റേതുമാണെന്നുമുള്ള ബോധ്യം കുട്ടികൾക്കു നൽകണം - അദ്ദേഹം പറഞ്ഞു.
കെ.സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷതവഹിച്ചു. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ റവ.ഡോ.മാണി പുതിയിടം, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, സ്കൂൾ മാനേജർ സിസ്റ്റർ മോളി അഗസ്റ്റിൻ, പ്രിൻസിപ്പൽ സിസ്റ്റർ ലിസി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് മൈക്കിൾ ജയിംസ്, വൈസ് പ്രസിഡന്റ് ഡോ.റോസമ്മ സോണി, ഇംഗ്ലീഷ് വിഭാഗം മേധാവി അലക്സ് സി സെബാസ്റ്റ്യൻ, ഹെഡ്ഗേൾ അഞ്ജുഷ സന്തോഷ് എന്നിവർ പ്രസംഗിച്ചു.സന്യാസ വ്രതവാഗ്ദാനത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ ലിസി സെബാസ്റ്റ്യനു സമ്മേളനം ആശംസകളർപ്പിച്ചു. സിസ്റ്റർ ലിസി കേക്ക് മുറിച്ചു. സമ്മേളന ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
കുട്ടികൾ അധ്വാനത്തിന്റെ വില അറിയണം: മാർ തോമസ് തറയിൽ
01:18 AM Nov 24, 2017 | Deepika.com