കൊച്ചി: സീറോ മലബാർ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റർജിക്കൽ റിസർച്ച് സെന്റർ (എൽആർസി) സംഘടിപ്പിക്കുന്ന 54-ാമത് സെമിനാർ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നാരംഭിക്കും.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സെമിനാർ ഉദ്ഘാടനം ചെയ്യും. എൽആർസി ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ പ്രസംഗിക്കും.
ഇന്നു ഡോ. എൻ. ജെ. ഫ്രാൻസിസ്, പ്രഫ. ജോർജ് മേനാച്ചേരി, ഫാ. ആന്റണി നങ്ങേലിമാലിൽ, ഫാ. റോയി തോട്ടത്തിൽ, ഫാ. ജേക്കബ് കൂരോത്ത്, ഫാ. ജോർജ് കുരിശുംമൂട്ടിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. നാളെ കെ. കെ. മുഹമ്മദ്, ഡോ. സുനിൽ എഡ്വാർഡ്, ഡോ. സുമം പഞ്ഞിക്കാരൻ, ദർശന പഴവൂർ, ജോർജ് കണ്ടത്തിൽ, ഫാ. ജോസഫ് ചെറുവത്തൂർ എന്നിവർ ക്ലാസുകൾ നയിക്കും. 26നു കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തപ്പെടുന്ന ’ഹെറിറ്റേജ് ആർട് എക്സ്പോ’യോടുകൂടി സെമിനാർ സമാപിക്കും.
കേരളത്തിലെ പുരാതന ദേവാലയനിർമിതി, കലാരൂപങ്ങൾ, പൈതൃക സംരക്ഷണം, ക്രൈസ്തവപാരന്പര്യസംസ്കൃതി, ദേവാലയങ്ങളിലെ പുരാതനകലകൾ, ഛായാചിത്രങ്ങൾ, വാസ്തുശില്പങ്ങൾ, ഐക്കണ്‍സ് എന്നിങ്ങനെ വിവിധ വിഷയങ്ങൾ സെമിനാറിൽ പഠനവിധേയമാക്കുമെന്ന് എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. പീറ്റർ കണ്ണന്പുഴ അറിയിച്ചു.
എൽആർസി സെമിനാറിന് ഇന്നു തുടക്കം
12:57 AM Nov 24, 2017 | Deepika.com