കൊച്ചി: പുതുതലമുറക്കാരുമായി ആശയസംവാദം നടത്താൻ കേരളത്തിലെത്താമെന്നു കോട്ടയം പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ദിയാ ആൻ ജോസിന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ ഉറപ്പ്. കൊച്ചി ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഉപരാഷ്ട്രപതി ദിയയുടെ ക്ഷണം സ്വീകരിച്ചത്. കെ.ആർ. നാരായണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ "മീറ്റ് ദ നാഷണൽ ലീഡേഴ്സ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു ക്ഷണിക്കൽ.
രാഷ്ട്രനേതാക്കളോടു നേരിട്ടിടപഴകാനും ആശയങ്ങൾ പങ്കുവയ്ക്കാനും ദേശീയബോധവും ദേശാഭിമാനവും ഉയർത്തുവാനും വേണ്ടിയാണു സംവാദപരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയെക്കുറിച്ച് ഉപരാഷ്ട്രപതിയോടു വിശദീകരിച്ച ഫൗണ്ടേഷൻ സ്റ്റുഡന്റ്സ് വിഭാഗം ഭാരവാഹിയായ ദിയയെ വെങ്കയ്യനായിഡു അഭിനന്ദിച്ചു. ഉപരാഷ്ട്രപതിയുടെ അടുത്ത കേരള സന്ദർശനത്തോടനുബന്ധിച്ചായിരിക്കും പരിപാടി ക്രമീകരിക്കുക. ഭരണങ്ങാനം സ്വദേശി പ്രിൻസ് പോൾ മാടപ്പള്ളി വരച്ച ഉപരാഷ്ട്രപതിയുടെ ഛായാചിത്രം ദിയാ ആൻ ജോസ് വെങ്കയ്യ നായിഡുവിനു സമ്മാനിച്ചു.
ഭാവിതലമുറ ദേശീയ കാഴ്ചപ്പാടോടെ വളർന്നുവരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. തങ്ങളുടെ കർമശേഷി രാജ്യപുരോഗതിക്കുവേണ്ടി സമർപ്പിക്കാൻ കഴിയുന്നവരായി വിദ്യാർഥി സമൂഹം വളരണമെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്, ചെയർമാൻ എബി ജെ. ജോസ്, ജനറൽ സെക്രട്ടറി ആർ. അജിരാജകുമാർ, ജെ.ആർ. പത്മകുമാർ, സാംജി പഴേപറന്പിൽ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
ദിയ ക്ഷണിച്ചു; ആശയസംവാദത്തിന് ഉപരാഷ്ട്രപതി എത്തും
12:43 AM Nov 23, 2017 | Deepika.com