കോട്ടയം: ദർശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു നല്കിവരുന്ന ദേശീയ പുസ്തക അവാർഡുകൾ പ്രഖ്യാപിച്ചു. പുസ്തക നിർമിതിയിലെ മികവിനുള്ള പുരസ്കാരം. ഇംഗ്ലീഷ് വിഭാഗത്തിൽ മനോരമ ബുക്സിന്റെ ‘ക്ലാസ്മേറ്റ്’ എന്ന പുസ്തകത്തിനാണു ഈ വിഭാഗത്തിൽ ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘സൈലൻസ് സൗണ്ട്സ് ഗുഡ്’ വിശേഷാൽ പുരസ്കാരം നേടി.
മലയാളം വിഭാഗത്തിൽ മാതൃഭൂമി ബുക്സിന്റെ ‘രണ്ട് ആത്മജ്ഞാനികൾ’ എന്ന പുസ്തകത്തിനാണു പുരസ്കാരം ലഭിച്ചത്. ഈ വിഭാഗത്തിൽ ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘കർമ പരന്പരയിലെ കണ്ണികൾ’, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘നൃത്തം ചെയ്യുന്ന കുടകൾ’ എന്നിവ വിശേഷാൽ പുരസ്കാരം നേടി.
മികച്ച കവർ ഡിസൈൻ അവാർഡ് ഡിസി ബുക്സിന്റെ ‘സമുദ്രങ്ങൾക്ക് മാത്രമല്ല’ എന്ന പുസ്തകം നേടി. ഈ വിഭാഗത്തിൽ മാതൃഭൂമി ബുക്സിന്റെ ‘കാടേത് കടുവയേത് ഞാനേത്’ എന്ന പുസ്തകവും ഡിസി ബുക്സിന്റെ ‘പെരുമാൾ മുരുകൻ’, പൂർണ പബ്ലിക്കേഷൻസിന്റെ ‘നക്സലിസത്തിന്റെ കുതിപ്പും, കിതപ്പും’, ലിറ്റ്മസ് ഡിസി ബുക്സിന്റെ ‘ഒറ്റ നിറത്തിൽ മറഞ്ഞിരുന്നവർ’ എന്നിവ വിശേഷാൽ പുരസ്കാരങ്ങൾ നേടി.
ഏറ്റവും മികച്ച ബാലസാഹിത്യ ഗ്രന്ഥത്തിനുള്ള പ്രഥമ പുരസ്കാരം ഇംഗ്ലീഷ് വിഭാഗത്തിൽ ‘ദ അഡ്വഞ്ചർ സിക്സ്’നേടി. മലയാളം വിഭാഗത്തിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘ഒരു അറബിക്കഥ’ പ്രഥമ പുരസ്കാരം നേടി. പൂർണ പബ്ലിക്കേഷൻസിന്റെ ‘മദനകാമരാജനും വിസ്മയകഥകളും’ എന്ന പുസ്തകം രണ്ടാം സ്ഥാനം നേടി. മികച്ച യാത്രാവിവരണത്തിനുള്ള പ്രഥമപുരസ്കാരം ഇംഗ്ലീഷ് വിഭാഗത്തിൽ കറന്റ് ബുക്സിന്റെ ‘ട്രാവലേഴ്സ് ലൈഫ് ജേർണി’ എന്ന പുസ്തകം നേടി. മലയാളം വിഭാഗത്തിൽ മാതൃഭൂമി ബുക്സിന്റെ ’ദേശാന്തരയാത്രകൾ’ എന്ന പുസ്തകം പ്രഥമ പുരസ്കാരം കരസ്ഥമാക്കി.
ഈ വിഭാഗത്തിൽ ഡിസി ബുക്സിന്റെ ‘ഹിമാലയത്തിൽ ഒരു അവധൂതൻ’ എന്ന പുസ്തകം വിശേഷാൽ പുരസ്കാരം നേടി.
മികച്ച ചരിത്ര ഗ്രന്ഥത്തിനുള്ള പ്രഥമ പുരസ്കാരം മലയാളം വിഭാഗത്തിൽ ഡിസി ബുക്സിന്റെ ‘ഇരുളടഞ്ഞകാലം’ കരസ്ഥമാക്കി. നാഷണൽ ബുക്ക് സ്റ്റോളിന്റെ ‘മയ്യനാട് ഒരു ചരിത്ര സന്പന്നഗ്രാമം’ എന്ന പുസ്തകം വിശേഷാൽ പുരസ്കാരം കരസ്ഥമാക്കി. പുരസ്കാരങ്ങൾ 25നു ഉച്ചകഴിഞ്ഞ് രണ്ടിനു വിതരണം ചെയ്യും.
ദർശന ബുക്ക്ഫെയർ അവാർഡുകൾ
കോട്ടയം: ദർശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു ദർശന സാംസ്കാരിക കേന്ദ്രം നല്കിവരുന്ന ബുക്ക്ഫെയർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പവലിയനുള്ള അവാർഡ് മാതൃഭൂമിക്കും ഡിസി ബുക്സിനും ലഭിച്ചു. മീഡിയ സ്റ്റാളുകളിൽ മലയാള മനോരമയ്ക്ക് ഒന്നാം സ്ഥാനവും രാഷ്ട്രദീപികയ്ക്കു രണ്ടാം സ്ഥാനവും ലഭിച്ചു. ഇന്ത്യൻ എക്സ്പ്രസ്, കേരള കൗമുദി, റേഡിയോ മംഗളം സ്റ്റാളുകൾക്കു വിശേഷാൽ സമ്മാനങ്ങൾ ലഭിച്ചു. സ്റ്റാൻഡാർഡ് സ്റ്റാൾ വിഭാഗത്തിൽ കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസിനാണു ഒന്നാം സ്ഥാനം. ഇസ്ലാം ഇന്റർനാഷണൽ പബ്ലിക്കേഷനാണ് തൊട്ടടുത്ത സ്ഥാനം.
അവന്തി പബ്ലിക്കേഷൻസ്, സൈകതം ബുക്സ്, വിദ്യാർഥി പബ്ലിക്കേഷൻസ്, കേരള ഇസ്ലാമിക് മിഷൻ, എഫക്ടീവ് പബ്ലിക്കേഷൻസ്, ഇസ്കോണ് (ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്), ധനം പബ്ലിക്കേഷൻസ് എന്നിവർക്കു വിശേഷാൽ പുരസ്കാരങ്ങളുണ്ട്. പ്രീമിയം സ്റ്റാൾ വിഭാഗത്തിൽ ചെന്നൈ ഈശ്വർ ബുക്ക് സെന്ററിനു ഒന്നാം സ്ഥാനവും ബുക്ക് വേൾഡിനു രണ്ടാം സ്ഥാനവും ലഭിച്ചു. സക്സസ് ബുക്ക് സെല്ലേഴ്സ്, കോർനെറ്റ് ബുക്സ് എന്നിവർക്കു വിശേഷാൽ പുരസ്കാരങ്ങളുണ്ട്.
എക്സ്ട്രാ പ്രീമിയം വിഭാഗത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന് ഒന്നാം സ്ഥാനവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു രണ്ടാം സ്ഥാനവും ലഭിച്ചു. ഈ വിഭാഗത്തിൽ ഗ്രീൻ ബുക്സ് വിശേഷാൽ പുരസ്കാരം നേടി.
ദർശന ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു
12:34 AM Nov 23, 2017 | Deepika.com