തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ അധ്യാപകർ പ്രൈമറി അധ്യാപകർ, ഭാഷാധ്യാപകർ എന്നിവരുടെ അന്തർ ജില്ലാ സ്ഥലംമാറ്റത്തിനു സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
അന്തർ ജില്ലാ സ്ഥലംമാറ്റം വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടത്തും. 14 ജില്ലകളിലും 2017-18 അധ്യയന വർഷത്തിൽ അന്തർ ജില്ലാ സ്ഥലം മാറ്റത്തിനായി നീക്കി വച്ചിട്ടുള്ള നിശ്ചിത ശതമാനം ഒഴിവിലേക്ക് അർഹരായ അധ്യാപകർക്ക് സ്ഥലംമാറ്റം നൽകും. കോമണ്‍പൂളിൽ ഉൾപ്പെട്ടിട്ടുള്ള അധ്യാപകരുടെ അന്തർ ജില്ലാ സ്ഥലംമാറ്റം പൂർത്തിയായതിനു ശേഷം പഞ്ചായത്ത് സ്കൂളുകളിൽ ബാക്കിയുള്ള ഒഴിവുകൾ ഓണ്‍ലൈൻ പൊതുസ്ഥലം മാറ്റത്തിനു മാറ്റി വയ്ക്കണം.
ഓണ്‍ലൈൻ മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ ഹെഡ്മാസ്റ്റർ തലത്തിലും വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിലും പരിശോധന നടത്തിയ ശേഷം ഓണ്‍ലൈൻ സ്ഥലംമാറ്റത്തിനു പരിഗണിക്കും. അപേക്ഷ സംബന്ധിച്ച വിവരം www.tra nsferandpostings.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകന് ഒരു അപേക്ഷ മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവാദമുള്ളു. ആദ്യത്തെ അപേക്ഷ റദ്ദു ചെയ്യുന്നതിന് ആപ്ലിക്കേഷൻ ഐഡി സഹിതം പ്രധാനാധ്യാപകൻ മുഖേന വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷ പൂരിപ്പിച്ച സമയത്ത് ലഭിച്ച Application ID-യും അപേക്ഷകൻ നൽകിയ പാസ്വേഡും ഭദ്രമായി സൂക്ഷിച്ച് വയ്ക്കണം. വീണ്ടും പ്രിന്റൗട്ട് എടുക്കുന്നതിനും തുടർന്നു വരുന്ന ട്രാൻസ്ഫറിന്റെ വിവരങ്ങൾ അറിയുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.
ഡിസംബർ 26 മുതൽ ജനുവരി 10നു വൈകുന്നേരം അഞ്ചുവരെ അപേക്ഷ രജിസ്റ്റർ ചെയ്യാം.നിയമനം ലഭിച്ച ജില്ലയിൽ അഞ്ചു വർഷം ഒരേ തസ്തികയിൽ സേവനം പൂർത്തീകരിച്ചവർക്ക് മാത്രമേ അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുവാൻ അർഹതയുള്ളു. 2017 മാർച്ച് 31 അടിസ്ഥാനമാക്കിയാണ് സർവീസ് ദൈർഘ്യം കണക്കാക്കുന്നത്.
ഒരു അപേക്ഷകന് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷ അയക്കാൻ അനുവാദമുള്ളു. അപേക്ഷകന്റെ താൽപര്യമനുസരിച്ച് 10 സ്കൂളുകൾ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രസ്തുത 10 സ്കൂളുകളിൽ ഏതെങ്കിലും സ്ഥലം മാറ്റം നൽകാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ജില്ലയിലെ മറ്റേതെങ്കിലും സ്കൂളിൽ ഒഴിവിന്റെ ലഭ്യത അനുസരിച്ച് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി പരിഗണിക്കേണ്ടതുണ്ടോ എന്നു വ്യക്തമാക്കണം.
ഇപ്പോൾ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അന്തർജില്ലാ സ്ഥലംമാറ്റത്തിനായി അപേക്ഷ സമർപ്പിക്കുവാൻ അനുവാദമില്ല.
ഒരിക്കൽ അന്തർജില്ലാ സ്ഥലമാറ്റം ലഭിച്ച ജീവനക്കാർ ആ ജില്ലയിൽ അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയതിനു ശേഷമേ രണ്ടാമത്തെ അന്തർജില്ലാ സ്ഥലംമാറ്റത്തിനു അർഹതയുണ്ടായിരിക്കുകയുള്ളു.
അന്തർജില്ലാ സ്ഥലംമാറ്റത്തിന് ഇപ്പോൾ ജോലി ചെയ്യുന്ന തസ്തികയിലെ സർവീസ് ദൈർഘ്യമാണ് സീനിയോറിറ്റിക്കായി പരിഗണിക്കുന്നത്. LWA കാലയളവും ഡെപ്യൂട്ടേഷൻ കാലയളവും കുറച്ചതിനു ശേഷമുള്ള കാലയളവാണ് സർവീസ് ദൈർഘ്യമായി കണക്കാക്കുന്നത്.
പെൻഷന് രണ്ടു വർഷം മാത്രം സർവീസ് ബാക്കിയുള്ളവർക്ക് സ്വന്തം താൽപര്യപ്രകാരം സ്ഥലംമാറ്റം മുൻഗണനാക്രമത്തിൽ നൽകും.അന്തർജില്ലാ സ്ഥലംമാറ്റത്തിനായി നീക്കിവച്ചിട്ടുള്ള നിശ്ചിത ശതമാനം ഒഴിവുകളിൽ 50 ശതമാനം ജനറൽ സീനിയോറിറ്റി അനുസരിച്ചും 30 ശതമാനം പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിനും ബാക്കി സഹതാപാർഹ സ്ഥലം മാറ്റത്തിനും മാറ്റി വച്ചിരിക്കുന്നു. സഹതാപാർഹ സ്ഥലമാറ്റത്തിനായി ഓണ്‍ലൈനിൽ അപേക്ഷിക്കേണ്ടതില്ല. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗക്കാർ ഈ പരിഗണന നൽകുന്നതിനാവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പരിശോധന നടത്തുന്നതിനായി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകേണ്ടതും പ്രയോറിറ്റി അനുവദിച്ചു കിട്ടി എന്ന് അപേക്ഷകർ ഉറപ്പുവരുത്തേണ്ടതുമാണ്.
ട്രൈബൽ, മലയോര, എത്തിച്ചേരാൻ ദുഷ്കരമായ പ്രദേശങ്ങളിലുള്ള സ്കൂളുകളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥലംമാറ്റത്തിനു സീനിയോറിറ്റി കണക്കാക്കുന്നത് ചുവടെ പറയുന്ന മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചായിരിക്കും. മേൽപ്പറഞ്ഞ സ്കൂളുകളിൽ അഞ്ചുവർഷം പൂർത്തിയാക്കിയവർക്ക് ഓരോ വർഷത്തേയും സർവീസ് ഒന്നര വർഷത്തെ സർവീസായി പരിഗണിക്കും. അങ്ങനെ കണക്കാക്കുമ്പോൾ തുല്യത വരുന്നപക്ഷം സർവീസ് കൂടുതലുള്ള ആൾക്ക് മുൻഗണന നൽകും. എന്നാൽ, ജില്ലയിൽ അഞ്ചു വർഷം പൂർത്തിയായവർക്ക് മാത്രമേ പ്രസ്തുത ആനുകൂല്യത്തിനു അർഹതയുണ്ടായിരിക്കുകയുള്ളു.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ള അഞ്ചു വർഷത്തിൽ കുറവ് സേവന ദൈർഘ്യമുള്ള അധ്യാപകർക്ക് പ്രസ്തുത ഉത്തരവിലെ നിബന്ധനകൾക്കു വിധേയമായി സ്ഥലം മാറ്റത്തിനപേക്ഷിക്കാം.
േമപദദത
ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലേക്ക് സ്ഥലംമാറ്റത്തിനു അപേക്ഷിക്കുന്നവർക്ക് ജോലി ചെയ്യുന്ന ജില്ലയിൽ അഞ്ചുവർഷത്തെ സേവനം ദൈർഘ്യം ആവശ്യമില്ല.
സർവീസിലുള്ളതോ സർവീസിലിരിക്കെ ഡ്യൂട്ടി സമയത്ത് മരണമടഞ്ഞതോ ആയ ജവാന്റെ അടുത്ത ബന്ധുക്കൾക്കും ആശ്രിതർക്കും അന്തർജില്ലാ സ്ഥലംമാറ്റത്തിനായി അഞ്ചു വർഷത്തെ സേവന ദൈർഘ്യത്തിൽ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്.
അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു തലേദിവസം വരെ സ്ഥലംമാറ്റ അപേക്ഷകൾ റദ്ദു ചെയ്യുന്നതിനു സൗകര്യമുണ്ടായിരിക്കും.
സ്ഥലംമാറ്റം ലഭിക്കുന്ന അധ്യാപകർ പുതിയ ജില്ലയിൽ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ പ്രൊബേഷൻ ആരംഭിച്ച് പൂർത്തിയാക്കണം.
ഓണ്‍ലൈൻ അന്തർജില്ലാ സ്ഥലംമാറ്റം സംബന്ധിച്ചുള്ള സാങ്കേതികമായ സംശയനിവാരണത്തിനായി ഐടിസ്കൂൾ പ്രോജക്ടിലും (0471-2529800) മറ്റ് പൊതുവായുള്ള സംശയ നിവാരണത്തിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലോ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലോ (0471-2580513) പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാം.
അധ്യാപക അന്തർജില്ലാ സ്ഥലംമാറ്റ മാർഗനിർദേശം
12:34 AM Nov 23, 2017 | Deepika.com