കൊച്ചി: സ്വന്തം ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ എന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനു ദുബായിലേക്കു പോകാൻ നടൻ ദിലീപിനു ഹൈക്കോടതി അനുമതി നൽകി. വിദേശയാത്രയ്ക്കു ദിലീപിന്റെ പാസ്പോർട്ട് ആറു ദിവസത്തേക്കു വിട്ടുനൽകാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി മൂന്നു മാസത്തോളം ജയിലിൽ കഴിഞ്ഞ ദിലീപ് ഇപ്പോൾ ഉപാധികളോടെ ജാമ്യത്തിൽ കഴിയുകയാണ്.
നവംബർ 29നു ദുബായിലെ കാരാമയിൽ തന്റെ ഹോട്ടലിന്റെ ഉദ്ഘാടനമാണെന്നും ഇതിൽ പങ്കെടുക്കാൻ വിദേശത്തേക്കു പോകുന്നതിനു പാസ്പോർട്ട് വിട്ടുകിട്ടണമെന്നും വ്യക്തമാക്കി ദിലീപ് നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ വിധി. നാലു ദിവസം ദുബായിൽ തങ്ങുന്നതിനും യാത്രയ്ക്കുമായാണ് ആറു ദിവസത്തേക്കു പാസ്പോർട്ട് വിട്ടുനൽകുന്നത്. ദുബായിലെ താമസസ്ഥലം, ഫോണ് നമ്പർ തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനു ദിലീപ് സ്റ്റേറ്റ്മെന്റ് നൽകണമെന്നും വിധിയിൽ പറയുന്നു.
നേരത്തെ ജാമ്യം അനുവദിച്ചപ്പോൾ ജാമ്യവ്യവസ്ഥ പ്രകാരം ദിലീപിന്റെ പാസ്പോർട്ട് അങ്കമാലി കോടതിയിൽ സമർപ്പിച്ചിരുന്നു. ജാമ്യത്തിൽ ഇളവ് തേടിയുള്ള ദിലീപിന്റെ ഹർജി ഇന്നലെ പരിഗണിച്ചപ്പോൾ പാസ്പോർട്ട് വിട്ടുനൽകുന്നതു പ്രോസിക്യൂഷൻ എതിർത്തു. കേസിലെ സാക്ഷികളെ ദിലീപ് നേരിട്ടോ പരോക്ഷമായോ സ്വാധീനിച്ചു മൊഴി മാറ്റുന്നുണ്ടെന്ന് ആരോപിച്ചാണ് എതിർത്തത്.
സാക്ഷികളായ ശരത് ബാബു, ചാർലി, സാഗർ എന്നിവർ മൊഴി മാറ്റിയെന്നും ചാർലി മാപ്പുസാക്ഷിയാകാൻ തയാറായശേഷം പിന്മാറിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇത്തരത്തിൽ പരാതിയുണ്ടെങ്കിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാത്തതെന്താണെന്നു ഹൈക്കോടതി വാക്കാൽ ചോദിച്ചു. ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
ദുബായിൽ സാക്ഷികളാരുമില്ലാത്തതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക വേണ്ടെന്നു ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിദേശത്തു പോകാൻ അനുവദിച്ചാൽ ഒളിവിൽ പോകുമെന്ന ആശങ്കയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇപ്പോൾ അതു പറയാനാവില്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചു. കുറ്റപത്രം തയാറാക്കൽ അന്തിമഘട്ടത്തിലാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
സാക്ഷികളെ സ്വാധീനിക്കുന്നതിനു തെളിവുണ്ടെങ്കിൽ ജാമ്യം റദ്ദാക്കാൻ ഹർജി നൽകാമെന്നു വ്യക്തമാക്കിയ സിംഗിൾബെഞ്ച് ദിലീപ് ഒളിവിൽ പോകാനിടയുണ്ടെന്ന് ആരോപണം ഉയർന്നില്ലെന്നും നിരീക്ഷിച്ചു. തുടർന്നാണു ദുബായിലേക്കു പോകാൻ പാസ്പോർട്ട് നൽകാൻ നിർദേശിച്ചത്.
ദുബായിൽ പോകാൻ ദിലീപിന് അനുമതി
01:33 AM Nov 22, 2017 | Deepika.com