കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്ക് കുറച്ചു. പുതിയ നിരക്ക് ഇന്നു മുതൽ നടപ്പിലാകും. കാറുകൾക്ക് ആദ്യത്തെ രണ്ടുമണിക്കൂറിന് 30 രൂപയായിരുന്നത് 25 രൂപയായി കുറച്ചു. ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് ഫീസ് 15 രൂപയിൽ നിന്നു പത്തുരൂപയായും കുറച്ചു. ആലുവ, ഇടപ്പള്ളി സ്റ്റേഷനുകളിലൊഴികെ എല്ലായിടത്തും പാർക്കിംഗിനായി പ്രതിദിന പാസ് അനുവദിക്കുന്നുണ്ട്. ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും നിരക്കിൽ വ്യത്യാസമുണ്ടാകും. കൊച്ചി വണ്‍ കാർഡുടമകൾക്കുള്ള നിരക്കിലും കുറവ് ലഭിക്കും.
ആദ്യ രണ്ടുമണിക്കൂറിനുശേഷമുള്ള ഓരോ മണിക്കൂറിലും കാറുകൾക്ക് പത്തുരൂപ വീതം ഈടാക്കും. ഇരുചക്രവാഹനങ്ങൾക്ക് അഞ്ചു രൂപ വീതവും. സ്മാർട്ട് കാർഡായ കൊച്ചി വണ്‍ കാർഡുള്ളവർ ആദ്യത്തെ രണ്ടു മണിക്കൂർ കാർ പാർക്കിംഗിന് 20 രൂപ നൽകിയാൽ മതി. പിന്നീടുള്ള ഓരോ മണിക്കൂറിനും എട്ടു രൂപ വീതം നൽകണം. ബൈക്കുകൾക്ക് ആദ്യ രണ്ടുമണിക്കൂറിന് എട്ടു രൂപയാണ്. ശേഷമുള്ള ഓരോ മണിക്കൂറിനും നാലു രൂപ വീതം നൽകണം. പ്രതിദിന പാസിന് കാറുകൾക്ക് 80 രൂപയാണ്. ബൈക്കുകൾക്ക് 40 രൂപയും. കൊച്ചി വണ്‍ കാർഡുള്ളവർക്ക് കാറുകൾക്ക് 64 രൂപയും ബൈക്കുകൾക്ക് 32 രൂപയും നൽകിയാൽ മതിയാകും.
മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്ക് കുറച്ചു
01:05 AM Nov 22, 2017 | Deepika.com