കോട്ടയം: ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ മൂന്നിനു നടക്കും. പുലർച്ചെ നാലിന് ഗണപതിഹോമവും നിർമാല്യ ദർശനവും 8.30ന് വിളിച്ചുചൊല്ലി പ്രാർഥനയും നടക്കും.
തുടർന്ന് ഒന്പതിനു ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ ചേരുന്ന ആധ്യാത്മിക സംഗമം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി ഉദ്ഘാടനം ചെയ്യും. പൊങ്കാലയുടെ ഉദ്ഘാടനം വ്യവസായി കുമാർ പിള്ള നിർവഹിക്കും. പത്മശ്രീ ഗോപിനാഥപിള്ള മുഖ്യാതിഥിയാകും.
അജയകുമാർ നായർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പണ്ടാര അടുപ്പിലേക്ക് രാധാകൃഷ്ണൻ നന്പൂതിരി അഗ്നി പകരും. 11നു പൊങ്കാല നേദ്യം. തുടർന്ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകുന്നേരം 5.30നു മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം തോമസ് ചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി ഭദ്രദീപം തെളിക്കും. തിരുവല്ല അർബൻ ബാങ്ക് പ്രസിഡന്റ് ആർ. സനൽകുമാർ മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. സോമൻ, മാന്നാർ അബ്ദുൾ ലത്തീഫ്, ജനൂപ് പ്രഭാകരൻ, കെ.ജി. സുനിൽ കുമാർ എന്നിവർ പങ്കെടുക്കും. ഡോ. സി.വി. ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.
ആയിരത്തിലധികം ക്ഷേത്ര വോളണ്ടിയേഴ്സും, താൽക്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും. വിവിധ സർക്കാർ വകുപ്പുകൾ ഏകീകരിക്കുന്നതിനൊപ്പം പാർക്കിംഗ് സംവിധാനവും ഏർപ്പെടുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.കെ. ഗോപാലകൃഷ്ണൻ നായർ, ഹരിക്കുട്ടൻ നന്പൂതിരി, സുരേഷ് കാവുംഭാഗം, കെ. സതീശ് കുമാർ എന്നിവർ പങ്കെടുത്തു.
ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ മൂന്നിന്
12:25 AM Nov 22, 2017 | Deepika.com