തൃപ്പൂണിത്തുറ: നിയന്ത്രണംവിട്ട ട്രെയിലർ ബൈക്കിൽ ഇടിച്ചതിനെതുടർന്ന് ട്രെയിലറിനും ടിപ്പർ ലോറിക്കും ഇടയിൽ ഞെരിഞ്ഞമർന്ന് ബൈക്ക് യാത്രക്കാരായ ദന്പതികൾക്ക് ദാരുണാന്ത്യം. ചിത്രപ്പുഴ ചിത്രാഞ്ജലി ജംഗ്ഷന് സമീപം കുതിരവട്ടത്ത് വീട്ടിൽ ശശി - ശാന്ത ദന്പതികളുടെ ഏക മകൻ ബൈജു (40), ഭാര്യ സൗമ്യ (35) എന്നിവരാണു ദാരുണമായി മരിച്ചത്. എസ്എൻ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ദന്പതികൾ. ട്രെയിലറിനെ മറികടക്കവേ എതിരെ വന്ന ടാങ്കർ ലോറിയെ കണ്ടു പകച്ചുപോയ ബൈക്ക് യാത്രികരെ നിയന്ത്രണംവിട്ട ട്രെയിലർ ഇടിക്കുകയും ട്രെയിലറിനും മുന്നിൽ പോവുകയായിരുന്ന ടിപ്പർ ലോറിക്കും ഇടയിൽ ദന്പതികൾ ഞെരിഞ്ഞമരുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബൈജുവിനെയും സൗമ്യയെയും ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേരുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിക്കും.
മരിച്ച ബൈജു മരപ്പണിക്കാരനാണ്. വെണ്ണിക്കുളം സെന്റ് ജോർജ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി ഭാനുശ്രീ, ചിത്രപ്പുഴ കെസിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ഹിമശ്രീ എന്നിവരാണ് മക്കൾ.
ട്രെയിലറിനും ടിപ്പറിനും ഇടയിൽ ഞെരുങ്ങി ബൈക്ക് യാത്രികരായ ദന്പതികൾ മരിച്ചു
12:25 AM Nov 22, 2017 | Deepika.com