തിരുവനന്തപുരം: സമാന തസ്തികകൾക്കു വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി സ്പെഷൽ റൂൾസിൽ ഭേദഗതി വരുത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് പിഎസ്സി സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. ഫയർമാൻ, ഡ്രൈവർ കം പന്പ് ഓപ്പറേറ്റർ തസ്തികകളുടെ പ്രായപരിധി ഉയർത്തുന്നതിന് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഫയർമാൻ, ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ തസ്തികകളുടെ ഉയർന്ന പ്രായപരിധി 26 വയസാണ്. എന്നാൽ സമാന തസ്തികകളായ എക്സൈസ് ഡ്രൈവർ, ജയിൽ വാർഡൻ എന്നീ തസതികകൾക്ക് 39 വയസാണ് പ്രായപരിധി. ഇത് വിവേചനപരമാണെന്ന് പരാതിപ്പെട്ട് വിമൽകുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മീഷൻ പിഎസ്സി സെക്രട്ടറിയിൽ നിന്നു വിശദീകരണം വാങ്ങിയിരുന്നു. വിവിധ തസ്തികകളിലേക്ക് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിലെ യോഗ്യതകളും പ്രായപരിധിയും നിശ്ചയിക്കുന്നത് പ്രസ്തുത തസ്തികകളുടെ സ്പെഷൽ റൂളുകളുടെ അടിസ്ഥാനത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫയർമാൻ, ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ, പോലീസ് കോണ്സ്റ്റബിൾ ഡ്രൈവർ എന്നിവയുടെ സ്പെഷൽ റൂൾ പ്രകാരമുള്ള പ്രായപരിധി 18-26 വയസാണ്. പ്രസ്തുത തസ്തികകളുടെ സ്പെഷൽ റൂളിൽ ഭേദഗതി വരുത്തിയാൽ മാത്രമേ പിഎസ്സി ക്ക് തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫോറസ്റ്റ് ഡ്രൈവർ, എക്സൈസ് ഡ്രൈവർ തുടങ്ങിയ യൂണിഫോം തസ്തികകളുടെ പ്രായപരിധി 36 വയസാണെന്നും സമാന യൂണിഫോം തസ്തികകളുടെ പ്രായപരിധി 36 വയസാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
സമാന തസ്തികകൾക്കു വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതു തെറ്റ്: മനുഷ്യാവകാശ കമ്മീഷൻ
09:41 PM Nov 19, 2017 | Deepika.com