റാന്നി: ലോറിയില്‍ ക്രെയിന്‍ ഉപയോഗിച്ച് തടി കയറ്റുന്നതിനിടയില്‍ തടി വീണ് തൊഴിലാളി മരിച്ചു. ഇടമുറി തോമ്പിക്കണ്ടം വലിയപതാല്‍ കിഴക്കേമല കൈതത്തറയില്‍ വീട്ടില്‍ ചാക്കോയുടെ (സണ്ണി അരീപ്പറമ്പില്‍) മകൻ ജോണ്‍ കെ. ചാക്കോ(ഷൈനു - 31)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ഇടമുറി സ്കൂള്‍ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിലായിരുന്നു സംഭവം.
ലോറിയുടെ മുകളില്‍ തടിയില്‍ നില്‍ക്കുകയായിരുന്ന ഷൈനു താഴെ വീഴുകയും ഒപ്പം തടി തെറ്റി ഷൈനുവിന്റെ അര ഭാഗത്ത് വന്ന് ഇടിക്കുകയുമായിരുന്നു. അര ഭാഗത്തെ എല്ലുകള്‍ തകര്‍ന്ന നിലയില്‍ ഷൈനുവിനെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം നാളെ 12നു പാറേക്കടവ് ഐപിസി ചര്‍ച്ച് സെമിത്തേരിയില്‍. മാതാവ്: അമ്മിണി, സഹോദങ്ങള്‍: ഷിനു, ഷൈബു, ഷിജി, പരേതയായ സൂസന് ചാക്കോ.
ലോറിയിൽ തടി കയറ്റുന്നതിനിടെ തടിവീണു തൊഴിലാളി മരിച്ചു
09:41 PM Nov 19, 2017 | Deepika.com