തിരുവനന്തപുരം: ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നങ്ങൾക്കു ചിതയൊരുക്കുന്ന തീരുമാനമാണു പെൻഷൻ പ്രായം വർധനയെന്ന് യൂത്ത് കോണ്ഗ്രസ്. ഡോക്ടർമാരുടെ പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം അടിയന്തരമായി റദ്ദാക്കണം. മിടുക്കരായ ഡോക്ടർമാരെ സ്വകാര്യ ലോബിക്കു സംഭാവന ചെയ്യാനും സർക്കാർ സർവീസിൽ മൊത്തത്തിൽ പെൻഷൻ പ്രായം വർധിപ്പിക്കാനുമുള്ള ഗൂഢ അജൻഡയുടെ ഭാഗമാണ് ഈ തീരുമാനം.
നാലുവർഷം നിയമനത്തിനു കാത്തുനിന്നു വിദേശ രാജ്യങ്ങളിലേക്കും മറ്റും പലായനം ചെയ്യിപ്പിക്കലാണു സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. കേന്ദ്ര സർക്കാരിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും മാനദണ്ഡങ്ങൾ കേരളത്തിൽ ബാധകമാക്കിയത് അംഗീകരിക്കാനാവില്ല. മുൻപുണ്ടായിരുന്നതിനേക്കാൾ നൂറുക്കണക്കിനാളുകളാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പഠനം പൂർത്തിയാക്കുന്നത്. കൃത്യമായി പിഎസ്സി പരീക്ഷ നടത്തി നിയമനങ്ങൾ നടത്താതെ ആയുർവേദവും ഹോമിയോയും ഉൾപ്പടെ മെഡിക്കൽ ബിരുദധാരികളായി വരുന്ന ആയിരക്കണക്കിനാളുകൾ സർക്കാർ നിയമനം കാത്തിരിക്കുമ്പോഴാണ് ഇരുട്ടടി പോലെ പെൻഷൻ പ്രായം വർധിപ്പിച്ചത്. യുവജന സംഘടനകളുമായി ചർച്ച പോലും ഒഴിവാക്കി സർക്കാർ കൈക്കൊണ്ട ഏറ്റവും കടുത്ത യുവജന വഞ്ചനക്കെതിരേ ഡിവൈഎഫ്ഐ പ്രതികരിക്കാത്തത് പ്രതിഷേധകരമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
തൊഴിൽസ്വപ്നങ്ങൾക്കു സർക്കാർ ചിതയൊരുക്കുന്നു: യൂത്ത് കോണ്ഗ്രസ്
01:04 AM Nov 18, 2017 | Deepika.com