കോട്ടയം: രാജീവ്ഗാന്ധി വധക്കേസിൽ ജീവപര്യന്തം ജയിൽശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു കത്തെഴുതിയ സുപ്രീംകോടതി മുൻജഡ്ജി കെ.ടി. തോമസിനു ജയിലിൽ കഴിയുന്ന പേരറിവാളന്റെ അമ്മ അർപുത അമ്മാൾ നന്ദിയർപ്പിച്ചു. തന്നെ സമീപിച്ച മാധ്യമപ്രവർത്തകരോടാണ് അർപുത അമ്മാൾ ഇങ്ങനെ പറഞ്ഞത്.
26വർഷം ശിക്ഷ അനുഭവിച്ചതിനാൽ ഇവരെ മോചിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണു മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയും കോണ്ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിക്കു ജസ്റ്റീസ് കെ.ടി. തോമസ് കത്തയച്ചത്. 26 വർഷത്തിനുശേഷം ഒരിക്കൽ മാത്രം പരോളിലിറങ്ങിയ പേരറിവാളൻ വീട്ടിലെത്തിയപ്പോൾ അമ്മ അർപുത അമ്മാൾ സ്വീകരിക്കുന്നതും ബന്ധുക്കളെപ്പോലും വളരെ വൈകി തിരിച്ചറിയുന്നതുമുൾപ്പെടെയുള്ള വാർത്തകൾ ഒരു ദേശീയ മാധ്യമത്തിൽ വന്നതു വായിച്ചു.
ബന്ധുക്കളുടെ മക്കൾക്കും പേരറിവാളൻ എന്നാണു പേരിട്ടതെന്നതു കേട്ട് പേരറിവാളന്റെ കണ്ണു നിറയുന്നതും അമ്മയുടെയും ബന്ധുക്കളുടെയും കരച്ചിൽ അടക്കാൻ പേരറിവാളൻ പാടിയ പാട്ടുമൊക്കെ വിവരിച്ചുകൊണ്ടായിരുന്നു റിപ്പോർട്ട്. ഈ വാർത്ത തന്നെ കരയിപ്പിച്ചെന്നു കേസിൽ വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിമാരിലെ മുതിർന്ന അംഗംകൂടിയായ കെ.ടി. തോമസ് കത്തിൽ പറയുന്നു. ജയിലിൽനിന്ന് എംഎസ്സി കംപ്യൂട്ടർ സയൻസിൽ സ്വർണ മെഡലോടെ പാസായ പേരറിവാളൻ ഇപ്പോൾ വെല്ലൂർ സെൻട്രൽ ജയിൽ സ്കൂളിലെ അധ്യാപകനാണ്.
മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെ ഉൾപ്പെടെയുള്ളവർക്കും ജീവപര്യന്തം ശിക്ഷയിൽ 14 വർഷം കഴിഞ്ഞപ്പോൾ ജവഹർലാൽ നെഹ്റു ശിക്ഷയിളവ് നൽകി പുറത്തുവിട്ട മനുഷ്യത്വത്തിന്റ കഥയും സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ കെ.ടി. തോമസ് വിവരിക്കുന്നുണ്ട്. 1999ൽ ജസ്റ്റീസ് കെ.ടി. തോമസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബഞ്ച് ഏഴു പ്രതികൾക്കു വധശിക്ഷ നൽകുകയും 19 പേരെ വിട്ടയച്ചുകൊണ്ടുമാണു വിധി പറഞ്ഞത്.
പ്രതികളുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി ചുരുക്കി. രാജീവ് വധക്കേസിലെ പ്രതികൾ തടവിൽ 25 വർഷം പൂർത്തിയാക്കിയപ്പോൾ ജയിലിൽ നടത്തിയ നല്ല പ്രവർത്തനങ്ങൾ പരിഗണിച്ചു മോചിതരാക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപെട്ടതാണെന്നു പറഞ്ഞു സുപ്രീംകോടതി ഇതു തള്ളിയിരുന്നു. ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കാൻ സോണിയാഗാന്ധിക്കും മക്കൾക്കുമാണ് സാധിക്കുകയെന്നും കത്തിൽ പറയുന്നു.
കെ.ടി. തോമസിന് നന്ദിയർപ്പിച്ച് പേരറിവാളന്റെ അമ്മ
12:48 AM Nov 18, 2017 | Deepika.com