നെടുമ്പാശേരി: വിമാന യാത്രക്കാരെ പങ്കെടുപ്പിച്ച് ദേശീയതലത്തിൽ നടത്തിയ
സുരക്ഷാ സർവേയിൽ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫിന് ഒന്നാം സ്ഥാനം.
കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ വൻകിട വിമാനത്താവളങ്ങളിലെ സുരക്ഷാ സേനയുടെ കാര്യക്ഷമതയളക്കാൻ സിഐഎസ്എഫ് തന്നെയാണ് പ്രഫഷണൽ ഏജൻസികളെ നിയോഗിച്ച് സർവേ നടത്തിയത്. സുരക്ഷാ ബോധം പ്രദാനം ചെയ്യൽ, സുരക്ഷാ പരിശോധനാ സമയം, പരിശോധനയിലെ ആധികാരികത, പെരുമാറ്റം എന്നീ സൂചകങ്ങൾ ഉൾപ്പെടുന്ന ചോദ്യാവലിയാണ് യാത്രക്കാർക്ക് നൽകിയത്. ഇന്ത്യയിലെ വിമാനയാത്രക്കാരുടെ 85 ശതമാനവും കൈകാര്യം ചെയ്യുന്ന എട്ടു വിമാനത്താവളങ്ങളിലായിരുന്നു സർവേ. 3.35 ലക്ഷം യാത്രക്കാർ സർവേയിൽ പങ്കെടുത്തു. ഇവരിൽ 95.58 ശതമാനം പേരും പൊതുവെ സിഐഎസ്എഫിനു മികച്ച മാർക്കിട്ടു. അഞ്ചു സൂചകങ്ങളിലും ഒന്നാം സ്ഥാനം കൊച്ചിക്കാണ് ലഭിച്ചത്.
കൊച്ചിക്ക് റേറ്റിംഗിൽ അഞ്ചിൽ 4.92ഉം രണ്ടാം സ്ഥാനത്തെത്തിയ മുംബൈയ്ക്ക് 4.88ഉം മൂന്നാമതെത്തിയ ബംഗളൂരുവിനു 4.85ഉം റേറ്റിംഗ് ലഭിച്ചു. ഡൽഹിക്കാണ് നാലാം സ്ഥാനം. കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളിലും അത് ഏകോപിപ്പിക്കുന്ന സിഐഎസ്എഫിലും യാത്രക്കാർ പൊതുവെ സംതൃപ്തി രേഖപ്പെടുത്തി.
സുരക്ഷാ സർവേ : കൊച്ചി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഒന്നാമത്
12:23 AM Nov 18, 2017 | Deepika.com